1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി സൈനിക നടപടി തുടങ്ങിയതോടെ അതിര്‍ത്തിയില്‍ നിന്ന് ആയിരങ്ങള്‍ പലായനം തുടങ്ങി. തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ കുര്‍ദ്ദുകള്‍ അധികമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം.

തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി നഗരമായ റാസ് അല്‍ ഐനില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തു. വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങള്‍. കുര്‍ദ്ദുകള്‍ക്ക് സ്വാധീനമുള്ള ഈ മേഖലയെ ഭീകരവാദ ഇടനാഴിയെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വിശേഷിപ്പിക്കുന്നത്. ഈ പ്രദേശത്തുനിന്ന് ഭീകവാദികളെ തുരത്തുമെന്ന് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ സൈന്യത്തിനെ സഹായിച്ചത് കുര്‍ദ്ദുകളുടെ സായുധ സംഘടനകളായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെ വടക്കു കിഴക്കന്‍ സിറയയിലേക്ക് തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങിയത്.

തുര്‍ക്കിയെ ലക്ഷ്യം വെച്ചിരിക്കുന്ന കുര്‍ദ്ദിഷ് തീവ്രവാദികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തുന്നതെന്നാണ് തുര്‍ക്കി സൈന്യം വിശദീകരിക്കുന്നത്. കുര്‍ദ്ദിഷ് സംഘടനായ വൈപിജിയെ ഭീകരസംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയില്‍ ഭീകരരെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകളുമായി കുര്‍ദ്ദിഷ് വൈപിജിക്ക് ഉള്ള ബന്ധമാണ് ഈ ആരോപണത്തിന് ആധാരം. കുര്‍ദ്ദുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചാല്‍ മാത്രമെ അതിര്‍ത്തി സുരക്ഷിതമാകൂവെന്നാണ് തുര്‍ക്കിയുടെ നിലപാട്.

അതേസമയം തുര്‍ക്കിയുടെ നടപടിയില്‍ ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദുര്‍ബലമായ ഇസ്ലാമിക് സ്റ്റേറ്റിനെ വീണ്ടും ശക്തമാക്കാനെ ഇത് സഹായിക്കുവെന്നാണ് മറ്റുള്ളവരുടെ ആശങ്ക. ആക്രമണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനും ജര്‍മനിയും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.