1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2020

സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്കായുള്ള സെൽഫ് ഐസോലേഷൻ സമയം 10 ദിവസമാക്കാൻ സാധ്യത. രാജ്യത്ത് കൊറോണ പടരാതിരിക്കാനുള്ള സർക്കാരിന്റെ തീവ്ര പരിപാടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ തുടർച്ചയായ ചുമ, ഉയർന്ന താപനില അല്ലെങ്കിൽ രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ എന്നീ പ്രധാന കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾ ഏഴു ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണം.

ഈ ഒറ്റപ്പെടൽ കാലാവധി നീട്ടുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സ്കോട്ലൻഡ്, വെയ്ൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ അധികൃതർ ഈ മാതൃക പിന്തുടരുമോ എന്ന കാര്യം വ്യക്തമല്ല, നിലവിൽ ഏഴു ദിവസമാണ് യുകെയിലെ പൊതുവായ സെൽഫ് ഐസോലേഷൻ കാലാവധി.

അതിനിടെ സ്‌പെയിനിൽ രണ്ടാമത്തെ തരംഗത്തിന് പിന്നാലെ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിലും കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.

ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡിന്റെ രണ്ടാം തരംഗം ആസന്നമാണെന്ന് വ്യക്തമാക്കിയിരുന്നു. സ്‌പെയിനിൽ കേസുകളുടെ എണ്ണം വര്ധിച്ചതിനെത്തുടർന്ന് യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്. സ്‌പെയിനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പതിനാലു ദിവസത്തെ കർശന ക്വാറന്റൈനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

അതിനിടെ യൂറോപ്പിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിന് കാരണക്കാർ യുവാക്കളാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലഞ്ച് ആരോപിച്ചു. യുവാക്കൾ സമ്മർ ഹോളിഡേസ് ആഘോഷമാക്കുമ്പോൾ ഇതിന്റെ മറവിൽ കൊവിഡ് തിരികെ വരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

കോവിഡിനെ പിടിച്ചുകെട്ടിയെന്ന ധാരണയിൽ പ്രഖ്യാപിച്ച ഇളവുകൾ സർവ സ്വാതന്ത്ര്യമായി കരുതിയതാണ് ഇപ്പോൾ സെക്കൻഡ് വേവിന് കാരണമായിരിക്കുന്നത്. സാമൂഹിക അകലവും സുരക്ഷിതത്വവും സബന്ധിച്ച് യുവാക്കൾക്കുള്ള നിർദേശങ്ങൾ കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്നും ഡോ. ഹാൻസ് ചൂണ്ടിക്കാട്ടി.

ക്രൊയേഷ്യ, ബൽജിയം, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെല്ലാം രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം ദിവസനേ കൂടിവരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.