1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം.

വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കൊവിഡ് പരിശോധനയും ലഭ്യമാണ്. അബുദാബി അതിർത്തി കടന്ന് തിരിച്ചെത്താനും ഇവർക്കു പ്രത്യേക കൊവിഡ് പരിശോധന ആവശ്യമില്ല. അതിർത്തി കവാടങ്ങളിൽ കാത്തുനിൽക്കാതെ എമർജൻസി ലെയ്നിലൂടെ പെട്ടെന്നു പുറത്തുകടക്കാനും അനുവാദമുണ്ട്. നിർബന്ധിത ഹോം ക്വാറന്റീൻ വേണ്ട.

അബുദാബിയിലെത്തി 6 ദിവസം കഴിഞ്ഞ് വീണ്ടും പിസിആർ എടുക്കുന്നതിൽ നിന്നും ഇവരെ ഒഴിവാക്കി. ഇനി 2 ആഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധിച്ചില്ലെങ്കിൽ അൽഹൊസൻ ആപ്പിൽ നിന്ന് വൊളന്റിയർ പദവി അപ്രത്യക്ഷമാകും. ഇതോടെ സാധാരണ നടപടികൾക്കു വിധേയരാകേണ്ടിവരും. ഫോർ ഹ്യൂമാനിറ്റി എന്ന പേരിൽ യുഎഇയുടെ കൊവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ മലയാളികളടക്കം 120 രാജ്യക്കാരായ 31,000 പേർ പങ്കാളികളായിരുന്നു.

ആദ്യ 2 ‍ഡോസ് കുത്തിവയ്പിനു ശേഷം 2 ആഴ്ച ഇടവേളകളിൽ 2 പിസിആർ ടെസ്റ്റ് ചെയ്യുന്നതോടെ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിൽ നിന്ന് ഒഴിവാകാം. എന്നാൽ 14 ദിവസത്തെ ഇടവേളകളിൽ കൊവിഡ് പരിശോധന തുടരണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പാക്കി വാക്സീൻ സുരക്ഷിതമാണെന്ന് വിലയിരുത്തുന്നതിനാണിത്.

ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെയും ‌സേഹയുടെയും സഹകരണത്തോടെ ഗ്രൂപ്പ് 42 ഹെൽത്ത് കെയറിന്റെ (ജി42) നേതൃത്വത്തിലാണ് യുഎഇയിൽ വാക്സീൻ പരീക്ഷണം നടത്തിയത്. ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച വാക്സീന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ ചൈനയിലും മൂന്നാം ഘട്ടം യുഎഇയിലും വിജയകരമായി ‍പൂർത്തിയാക്കി. ഇതോടെ കൊവിഡ് വാക്സീന് യുഎഇ അംഗീകാരം നൽകിയിരുന്നു. അടിയന്തര സ്വഭാവമുള്ള ജോലികൾ ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ്, സൈനികർ എന്നിവർക്കാണ് പ്രതിരോധ വാക്സീൻ നൽകിവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.