1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കൊവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ.

കഴിഞ്ഞ ദിവസം അബുദാബി മഫ്റഖിലെ വർക്കേഴ്സ് സിറ്റിയിൽ നടന്ന ക്യാംപെയ്നിൽ വിവിധ കമ്പനികളിലെ 8000 തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകി. ഉച്ചയ്ക്കു മൂന്നിനു തുടങ്ങിയ ക്യാംപെയ്ൻ പുലർച്ചെ രണ്ടിനാണ് അവസാനിച്ചത്. വാക്സീൻ വിതരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശം കമ്പനികളെ അറിയിച്ചതോടെ ലേബർ ക്യാംപുകളിൽ സൗകര്യം ഒരുക്കുകയായിരുന്നു. ആസ്മ, രക്തസമ്മർദം തുടങ്ങിയ രോഗമുള്ള ഏതാനും പേർക്കൊഴികെ എല്ലാവർക്കും കുത്തിവയ്പ് നടത്തി.

അജ്മാൻ, ഫുജൈറ എമിറേറ്റുകളിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമായി പ്രത്യേക വാക്സീൻ കേന്ദ്രം തുറന്നു. ഈ കേന്ദ്രം 2 ആഴ്ച പ്രവർത്തിക്കും. ഹമദ് ബിൻ അബ്ദുല്ല അൽ ഷർഖി സെക്കൻഡറി സ്കൂൾ ദിബ്ബ ഫുജൈറ, മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഫുജൈറയിലെ വാക്സീൻ കേന്ദ്രം. രാവിലെ 9 മുതൽ ഉച്ചയ്ക്കു 3 വരെയാണ് സേവനം. യുഎഇ യൂണിവേഴ്സിറ്റിയിൽ 11നു ആരംഭിച്ച വാക്സീൻ ക്യാംപെയ്ൻ ഇന്ന് അവസാനിക്കും.

കൊവിഡ് വാക്‌സിനെടുക്കാൻ ജനങ്ങളോട് ആഹ്വാനംചെയ്ത് യു.എ.ഇ. ഭരണാധികാരികൾ

വൈറസിനെതിരേ കൈക്കൊള്ളാവുന്ന ഏറ്റവും ഫലപ്രദമായ സുരക്ഷാമാർഗം വാക്‌സിനെടുക്കുകയെന്നതാണ്. ഇതിന് മുഴുവൻ ആളുകളും തയ്യാറാവണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അഭിപ്രായപ്പെട്ടു.

എത്രയും പെട്ടെന്ന് വാക്‌സിനെടുക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെയും സമ്പദ്ഘടനയെയും നേട്ടങ്ങളെയുമെല്ലാം സംരക്ഷിക്കാൻ കഴിയുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ഇതുവരെ വാക്‌സിനെടുത്ത 1,275,000 പേർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ നന്ദിയറിയിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിൽ വൈറസിൽനിന്നുള്ള പൂർണ മോചനമാണ് എല്ലാവരും വാക്‌സിനെടുക്കുന്നതിലൂടെ സാധ്യമാവുകയെന്നും അദ്ദേഹം വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.