1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജാഗ്രത നിർദ്ദേശം നൽകി യുഎഇ. മിന്നൽ പരിശോധനകളും പിഴകളും കർശനമാക്കിയിട്ടുമുണ്ട്.യുഎഇ യിൽ രണ്ടു ദിവസമായി 900 നു മുകളിലായിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. ഇന്നലെ 1007 ആയി കൂടുകയായിരുന്നു.

24 മണിക്കൂറിനുള്ളിൽ 95,287 പേരിലെ പരിശോധന മൂലമാണ് സംഖ്യ ഉയർന്നതെങ്കിലും ജാഗ്രതക്കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ച , മാസ്ക് ധരിക്കാനുള്ള വിമുഖത എന്നിവയ്ക്ക് പുറമെ ചില വ്യാപാര സ്ഥാപനങ്ങൾ രോഗ പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും രോഗ വ്യാപനം കൂടാൻ കാരണമാണ്.

ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒരു മാസം മുൻപുവരെ 200 താഴെയായിരുന്നു കൊവിഡ് ബാധിതർ. നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഏറെയും പുരുഷന്മാരാണ്. വ്യാപനം തടയാതിരിക്കാൻ അധികൃതർ പരമാവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്. സ്വയം സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളും ശ്രദ്ധിച്ചാലേ കാര്യങ്ങൾ കൈപ്പിടിയിൽ നിൽക്കൂ എന്ന് ആരോഗ്യ രംഗത്തുള്ളവരും മുന്നറിയിപ്പ് നൽകുന്നു.

മാസ്ക് ധരിക്കുന്നതിൽ പോലും പലരും മടി കാണിച്ചു തുടങ്ങിയതോടെ കടുത്ത പിഴ നൽകാനും നടപടി തുടങ്ങി. കഴിഞ്ഞദിവസം കരാമയിൽ മാസ്ക് ചെവിയിൽ തൂക്കി നടന്ന യുവാവിന് മൂവായിരം ദിർഹം പിഴ ശിക്ഷ ശിക്ഷിച്ചിരുന്നു. കടകളിലും യുഎഇ എക്കണോമിക് ഡിപ്പാർട്മെന്റ് അധികൃതർ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. തൊഴിലാളികൾ മാസ്ക് ധരിക്കാതിരുന്ന ഏഴ് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.

കഴിഞ്ഞദിവസം സത്വയിൽ സാമൂഹിക അകലം പാലിക്കാതിരുന്ന റസ്റന്റ് പൂട്ടിച്ചിരുന്നു. ജിമ്മിന് പിഴയും ചുമത്തി. കൊവിഡ് നിയമലംഘനങ്ങൾക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നു പരമോന്നത സമിതിയും വ്യക്തമാക്കിയിരുന്നു. ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കനത്ത പിഴയും മറ്റു നടപടികളുമുണ്ടാകും. ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.

സുരക്ഷ ഇടങ്ങൾ വേർതിരിച്ച് മുദ്രയിടുന്ന നടപടികളും ദുബായ് ടൂറിസം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്ന കടകളിലും മറ്റും ദുബായ് അഷ്വേഡ് എന്ന മുദ്ര പതിപ്പിക്കും. ഇവിടെ ധൈര്യത്തോടെ കയറാം എന്ന് അധികൃതരും വാഗ്ദാനം ചെയ്യുന്നു.

അതേ സമയം ദുബായിലും ഷാർജയിലും എത്തുന്ന ഏതു തരം വീസക്കാരും അബുദാബിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് വിലക്കിയുള്ള നിയന്ത്രണം തുടരുകയാണ്. അബുദാബിയിൽ താമസ വീസയിലെത്തുന്നവർ സർക്കാർ ക്വാറന്റീനിൽ കഴിയണമെന്നത് കർശനമാക്കിയിട്ടുണ്ട്. അവിവാഹിതർ റസീനിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലും കഴിയണം. താമസവും ഭക്ഷണവും സൗജന്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.