1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2020

സ്വന്തം ലേഖകൻ: മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ സഹോദരിമാർക്ക് യുഎഇ സ്ഥിരതാമസാനുമതി രേഖയായ 10 വർഷത്തെ ഗോൾഡൻ കാർഡ് വീസ അനുവദിച്ചു. അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും ഗോൾഡൻ വീസ നൽകി. കൂടാതെ ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയിലും റിപ്ടൺ സ്‌കൂളിലും ചേർന്നുപഠിക്കാൻ പെൺകുട്ടികൾക്കു മുഴുവൻ സ്‌കോളർഷിപ്പും അനുവദിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ.) ദുബായ് പോലീസും അറിയിച്ചു.

കുടുംബാന്തരീക്ഷത്തിൽനിന്നുകൊണ്ട് പഠനം പൂർത്തിയാക്കാൻ ഇരുവർക്കും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം താമസിക്കാനും സൗകര്യമേർപ്പെടുത്തി. മാനസികമായി പിന്തുണ നൽകിയതായി ക്യാപ്റ്റൻ ഡോ. അബ്ദുല്ല അൽ ശൈഖ് പറഞ്ഞു. സി.ഐ.ഡി. വിക്ടിം സ്പോർട് പ്രോഗ്രാമിന്റെ ഭാഗമായാണ് ജി.ഡി.ആർ.എഫ്.എ.യുടെ പിന്തുണയോടെ ഇവരെ ഗോൾഡൻ കാർഡ് വീസയ്ക്ക് പരിഗണിച്ചത്.

മാതാപിതാക്കൾ മരിച്ചതോടെ സഹോദരിമാരായ പെൺകുട്ടികളെ ഇവരുടെ മുത്തച്ഛനും മുത്തശ്ശിയും യുഎഇയിലേക്ക് കൊണ്ടുവരുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ സർക്കാരുമായി കൂടിയാലോചിച്ചാണ് പ്രത്യേക പരിഗണന നൽകി പെൺകുട്ടികളെ യുഎഇയിലേക്കു കൊണ്ടുവന്നത്. ദുബായിൽ താമസിച്ചു പഠിക്കാനുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. വിവരമറിഞ്ഞതോടെ ദുബായ് പോലീസ് ഇവരുമായി ആശയവിനിമയം നടത്തിയതായും അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് റഫീ പറഞ്ഞു.

പെൺകുട്ടികളിൽ ഒരാൾക്ക് കനേഡിയൻ യൂണിവേഴ്‌സിറ്റിയിൽ നാലുവർഷത്തെ എൻജിനിയറിങ് പഠനം പൂർത്തിയാക്കാൻ മൂന്നു ലക്ഷത്തോളം ദിർഹമാണ് അനുവദിച്ചതെന്ന് വൈസ് ചാൻസലറും പ്രസിഡന്റുമായ പ്രൊഫസർ കരിം ചെല്ലി വിശദീകരിച്ചു. രണ്ടാമത്തെ കുട്ടിക്ക് സ്കോളർഷിപ്പ് നൽകാനായതിൽ സന്തോഷമെന്ന് റിപ്ടൺ സ്കൂൾ ഹെഡ്മാസ്റ്റർ ഡേവിഡ് കൂക്കും വ്യക്തമാക്കി.

ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഗോൾഡൻ വീസ ജനറൽ ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിൽ ഇവർക്ക് കൈമാറി. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി, ജി.ഡി.ആർ.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഫിനാൻസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ അവീം, ദുബായ് പോലീസ് സി.ഐ.ഡി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.