1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു.

നാളെ (ചൊവ്വ) മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും ശനിയാഴ്ച കൂടി അവധിയുള്ളതിനാൽ മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കും. പലരും ദീർഘ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയും പദ്ധതിയിട്ടിട്ടുണ്ട്.

സർക്കാർ ഒാഫീസുകളിലും മറ്റും ദേശീയദിന ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പലയിടത്തും ഇനിയുള്ള ദിവസങ്ങളിലും ആഘോഷം അരങ്ങേറും. സ്വദേശികളോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ആഘോഷങ്ങളിൽ പങ്കുചേരുന്നു. മലയാളി സംഘടനകളും കൊവി‍ഡ്19 പ്രോട്ടോകോൾ അനുസരിച്ചുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

കുടുംബസംഗമം നടക്കുമ്പോൾ കൊവി‍ഡ് 19 നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. 20 പേരിൽ കൂടുതൽ വീടുകളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. മറ്റു സ്ഥലങ്ങളിലും കൂടുതൽ പേർ ഒന്നിച്ച് നിൽക്കരുത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

ദേശീയദിനാഘോഷം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ വിശേഷാൽ ദിനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗവും നിർദേശിച്ചിരുന്നു. കൂടാതെ, ജോലി സ്ഥലങ്ങളിലെ ആഘോഷങ്ങൾ റദ്ദാക്കുകയും തോരണങ്ങൾ, പതാകകൾ, ബാനറുകൾ എന്നിവ മാത്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കരിമരുന്ന് പ്രയോഗം, മറ്റു സ്ഥലങ്ങളിലെ ആൾക്കൂട്ടം എന്നിവയും അനുവദിച്ചിട്ടില്ല.

മാസ്ക് ധരിക്കുകയും ശരീരോഷ്മാവ് പരിശോധിക്കുകയും വൃത്തിയും വെടിപ്പും സൂക്ഷിക്കുകയും ചെയ്യണമെന്ന് പൊതു ആരോഗ്യ വിഭാഗം വക്താവും അറിയിച്ചു. ആഘോഷ വേദികളിലെ പ്രവർത്തകർ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി അനുസരിക്കണം. ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നവർ ഏറ്റവും കൂടുതൽ ശുദ്ധിവരുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. സ്വകാര്യ പാർട്ടികളും കൂട്ടായ്മകളും അനുവദിക്കില്ല. ദേശീയദിനത്തിലെ കാർ പരേഡിൽ കൂടിയത് 3 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.