1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം 2024-ൽ നടക്കും. അറബ് ലോകത്തെത്തന്നെ ആദ്യ ദൗത്യമായിരിക്കുമിത്. ചൊവ്വയിലേക്ക് യു.എ.ഇ. ഹോപ്പ് പ്രോബ് വിക്ഷേപിച്ച് മാസങ്ങൾക്കകമാണ് അടുത്ത ബഹിരാകാശ ദൗത്യം പ്രഖ്യാപിക്കുന്നത്. 2021-2031 കാലയളവിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.

അടുത്ത 10 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതികളും യോഗത്തിൽ വിശകലനംചെയ്തു. പുതിയ ദൗത്യത്തിലേക്കുള്ള പ്രയാണം ബഹിരാകാശകേന്ദ്രത്തിന്റെ അന്തർദേശീയ മത്സരശേഷി വർധിപ്പിക്കും. മാനവികതയ്ക്ക് ഗുണം ചെയ്യുന്ന പുതിയ അന്താരാഷ്ട്ര വിജ്ഞാനപങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ പ്രത്യേക ഉപഗ്രഹ വികസന പരിപാടികൾ തുടങ്ങുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായി പുതിയഘട്ട പ്രവർത്തനപദ്ധതികൾ ശൈഖ് മുഹമ്മദും എം.ബി.ആർ ബഹിരാകാശ കേന്ദ്രവും അവലോകനം ചെയ്തു. എമിറേറ്റ്‌സ് മാർസ് മിഷൻ, മാർസ് 2117 പദ്ധതി, യു.എ.ഇ ബഹിരാകാശ യാത്രാപദ്ധതി, യു.എ.ഇ. സാറ്റലൈറ്റ് പദ്ധതി, ബഹിരാകാശമേഖല സുസ്ഥിരതാ പദ്ധതി തുടങ്ങി അഞ്ച് പ്രധാന ഘടകങ്ങളും ചർച്ചയായി.

തന്ത്രപരമായ ലക്ഷ്യങ്ങളോടെ യാത്രയുടെ ഒരു പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ചെയർമാൻ ഹമദ് ഒബയ്ദ് അൽ മൻസൂരി പറഞ്ഞു. ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം നടത്തി അന്താരാഷ്ട്ര ബഹിരാകാശ മേഖലയിൽ യു.എ.ഇയുടെ സ്ഥാനം ഉയർത്തുമെന്ന് ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽ ഷൈബാനിയും വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.