1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2020

സ്വന്തം ലേഖകൻ: കടുത്ത ചൂടു തുടരുന്ന യുഎഇയുടെ വിവിധ മേഖലകളിൽ ഇന്നു ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 42 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാം. തെക്കു കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അന്തരീക്ഷ ഈർപ്പവും കൂടുമെന്നതിനാൽ പകലും രാത്രിയും ചൂട് കൂടാം. ഇന്നലെയും വിവിധ മേഖലകളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പൊടിക്കാറ്റും വടക്കൻ മേഖലയിെല ചിലയിടങ്ങളിൽ മഴയും ഉണ്ടായിരുന്നു. നാളെ അസ്ഥിര കാലാവസ്ഥ ആയിരിക്കും. ഉച്ചകഴിഞ്ഞ് തെക്കു കിഴക്കൻ മേഖലകളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മണൽക്കാറ്റുള്ളപ്പോൾ ഓടുന്ന വാഹനത്തിന്റെ ഗ്ലാസ് വെള്ളം ഉപയോഗിച്ച് കഴുകരുതെന്നും പൊലീസ് നിർദേശിച്ചു.വെള്ളവും പൊടിയും കലർന്നു കാഴ്ച പൂർണമായും മറയാം.മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചു ശ്രദ്ധയോടെ വാഹനമോടിക്കണം. നിർബന്ധിത സാഹചര്യങ്ങളിൽ അല്ലാതെ ലെയ്ൻ മാറരുത്. ഓവർടേക്ക് ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും കൂട്ടിയിടിക്കു കാരണമാകുന്നത്. കാലാവസ്ഥയിലുള്ള വ്യതിയാനം കണക്കിലെടുത്ത് വേഗം കുറയ്ക്കുകയും മതിയായ അകലം പാലിക്കുകയും വേണം.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നതിനാൽ പൊടിക്കാറ്റ് ഉള്ളപ്പോൾ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. കാറ്റിൽ പ്ലാസ്റ്റിക് തരികളും രാസവസ്തുക്കളും ശ്വാസകോശത്തിലെത്താൻ സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കണ്ണിനും മറ്റും അലർജി പോലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം.

തൊഴിലാളികൾ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും ഇതു ബാധകമാണ്. എസി മുറികളിൽ ജോലി ചെയ്യുന്നവർ ദാഹമില്ലെങ്കിലും ഇടയ്ക്കു വെള്ളം കുടിക്കണം. ചൂടുമൂലം ഓക്കാനം, ഛർദി, ക്ഷീണം, ബലഹീനത, തലവേദന, പേശി വേദന, ശരീര വേദന, തലകറക്കം എന്നിവ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം തേടണം.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. നന്നായി വിശ്രമിക്കാനും ഉറങ്ങാനും ശ്രദ്ധിക്കണം. ഉച്ച സമയങ്ങളിൽ കഴിയുന്നതും പുറത്തിറങ്ങാതെ നോക്കണം. റേഡിയേഷൻ തടയുന്ന സൺ ഗ്ലാസ് ഉപയോഗിക്കുന്നത് ശീലമാക്കണം. തൊഴിലാളികൾ കമ്പനികളിലെ ആരോഗ്യ-സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.