1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2019

സ്വന്തം ലേഖകൻ: മഹാരഷ്ട്രയിലെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും കാര്‍ ഷെഡിനായി ഒരു മരം പോലും വെട്ടില്ലെന്നും ഉദ്ധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാബിനറ്റ്, ഉന്നത തല ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിനു ശേഷമാണ് ഉദ്ധവ് വാര്‍ത്താസമ്മേളനം നടത്തിയത്.

“നികുതിദായകന്റെ പണം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമുള്ള കാര്യമാണ്. ആ പണം പാഴാക്കില്ല. സര്‍ക്കാരിന്റെ ചെലവുകള്‍ ഞങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ പോകുകയാണ്. എന്റെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കും,” ഉദ്ധവ് പറഞ്ഞു.

“ഈ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ മാത്രം ഒതുങ്ങുന്നതല്ല. മഹാരാഷ്ട്രയുടെ എല്ലാ കോണിലും എത്തും. ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ നിര്‍ത്തിവെക്കുകയാണ്. എനിക്ക് മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നില്ല. പക്ഷേ, അവലോകനം ചെയ്ത ശേഷം പുനരാരംഭിക്കും,” പുതിയ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മെട്രോ വികസനത്തിനു വേണ്ടി ആരെ വനത്തില്‍ നിന്നും ഇരുനൂറോളം മരങ്ങള്‍ മുറിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് മരം മുറിക്കാനുള്ള നടപടി തടയുകയാണുണ്ടായത്.

“ഞങ്ങളുടെ മുന്നില്‍ ധാരാളം വെല്ലുവിളികളുണ്ട്. ഞാന്‍ മന്ത്രാലയത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ പോയിട്ടുള്ളൂ, അവര്‍ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും ഞാന്‍ ഇപ്പോഴും എന്റെ ചുറ്റുമാണ് നോക്കുന്നത്. ദയവു ചെയ്ത് എന്നെ ക്രിയാത്മകമായി വിമര്‍ശിക്കൂ,” ഉദ്ധവ് പറഞ്ഞു.

ജനകീയ പ്രഖ്യാപനങ്ങളാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മതേതര മൂല്യങ്ങളില്‍ ഊന്നിയായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്ന് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു. പൊതുമിനിമം പരിപാടിയില്‍ മതേതര നിലപാടിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം, താലൂക്കുകളില്‍ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം പരിപാടികള്‍, കര്‍ഷകര്‍ക്ക് പ്രത്യേക ധനസഹായം എന്നിവയെല്ലാം ത്രികക്ഷി സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റത്. കോൺഗ്രസും എൻസിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിഷ്‌കർഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ത്രികക്ഷി സഖ്യം നിലപാടെടുത്തു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തങ്ങളുടേതെന്നും മഹാസഖ്യം അവകാശപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.