1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: കൊവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. 

രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ മറ്റൊരു ലോക്ക്ഡൌൺ ഒഴിവാക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ സയന്റിഫിക് അഡ്വൈസർമാരിൽ ഒരാളായ പ്രഫ. പീറ്റർ ഹോർബി വ്യക്തമാക്കി. 

ലിവർപൂൾ നോട്ടിംങ്ങാം തുടങ്ങിയ സ്ഥലങ്ങളിൽ ഒരുലക്ഷത്തിൽ 600 പേർ വീതം രോഗികളാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആശങ്കാജനകമായ ഈ സ്ഥിതി നിയന്ത്രിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധർ ഏറെയാണ്. എന്നാൽ സ്കൂളുകളും ഓഫിസുകളും  അടച്ചും, പൊതു ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയുമുള്ള സമ്പൂർണ ലോക്ക്ഡൗണിനോട് സർക്കാരിന് യോജിപ്പില്ല. 

നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു മാസത്തിനുശേഷം പുതിയ നിയന്ത്രണങ്ങൾ അവലോകനം ചെയ്യും.

തിങ്കളാഴ്ചത്തെ പ്രഖ്യാപനം ബ്രിട്ടന്റെ കൊവിഡ് പോരാട്ടത്തിൽ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുമെന്ന് പ്രമുഖ പൊളിറ്റിക്കൽ ലേഖകൻ ക്രിസ് മേസൺ പറഞ്ഞു. അന്തിമ ഇടപെടലുകൾ നിർണ്ണയിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച അടിയന്തര കോബ്ര കമ്മിറ്റി യോഗം ചേരുന്നുണ്ട്. വൈകുന്നേരം ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിന് മുമ്പ് കോമൺസിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്കൊപ്പം, ചാൻസലർ റിഷി സുനക്, ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുക്കും.

ടയർ വൺ

ടയർ വൺ നിയന്ത്രണങ്ങൾ ഇതിനകം ഇംഗ്ലണ്ടിലുടനീളം നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കും. റൂൾ ഓഫ് സിക്സ്, രാത്രി 10 മണിക്ക് കർഫ്യൂ, ഔട്ട്‌ഡോർ മാത്രം കളിക്കുന്ന ഗ്രൂപ്പ് സ്‌പോർട്ട്, വിവാഹ ചടങ്ങുകളിൽ പരമാവധി 15 അതിഥികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടയർ ടു

വീടുകളിൽ മറ്റു വീടുകളിൽ നിന്നുള്ളവരുടെ സന്ദർശനം നിരോധിക്കും. മിഡിൽസ്ബറോയിലും ഹാർട്ട്‌പൂളിലും ഇപ്പോൾ  നിലവിലുള്ള നിയന്ത്രണങ്ങൾക്ക് സമാനമാണ് ടയർ ടു. റൂൾ ഓഫ് സിക്സ്, സാമൂഹിക അകലം പാലിക്കൽ എന്നിവ നിലനിൽക്കുന്നിടത്തോളം രണ്ട് വീടുകളിൽ നിന്നുള്ളവരെ ഒരു സ്വകാര്യ പൂന്തോട്ടത്തിൽ സന്ദർശിക്കാൻ അനുവദിക്കും.

ടയർ ത്രീ

ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ ആരോഗ്യം പോലുള്ള ആവശ്യങ്ങൾക്കായി മാത്രമേ പ്രദേശവാസികളെ അവരുടെ മേഖലയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയുള്ളൂ. മാത്രമല്ല അന്നേ ദിവസം തന്നെ മടങ്ങിയെത്തുകയും വേണം.  ഉയർന്ന അപകട സാധ്യതയുള്ള ഈ പ്രദേശങ്ങളിൽ പുറത്തു നിന്നുള്ളവർ രാത്രി താമസിക്കുന്നത് നിരോധിക്കും. വീടിനകത്തോ പുറത്തോ കൂടിച്ചേരലുകളും പാടില്ല. 

റെസ്റ്റോറന്റുകളിൽ ടേക്ക്‌അവേ സേവനങ്ങൾ മാത്രമായിരിക്കും. കാസിനോകൾ, ജിമ്മുകൾ, ബ്യൂട്ടി സലൂണുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവയെല്ലാം അടച്ചിടും. പബ്ബുകൾക്ക് നിശ്ചിത സമയം മാത്രം അനുവദിക്കും.  നാലാഴ്ചക്ക് ശേഷം നടപടികൾ അവലോകനം ചെയ്യും. ടയർ ത്രീ നിയന്ത്രണങ്ങൾ കാരണം ഒരു ബിസിനസ്സ് അടച്ചാൽ, ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗമെന്ന നിലയിൽ സർക്കാർ പ്രതിമാസം പരമാവധി 2,100 പൗണ്ട് വരെ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.