1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. മരണനിരക്ക് കുറവാണെങ്കിലും ദിവസേന രോഗികളാകുന്നവരുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുന്നു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ മധ്യത്തോടെ രാജ്യത്ത് ദിവസേന അമ്പതിനായിരം ആളുകൾ രോഗികളാകുകയും ഇരുന്നൂറിലേറെപ്പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് രാജ്യത്ത ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസ് തന്നെ സർക്കാരിന് മുന്നറിയിപ്പു നൽകി. നിലവിൽ മൂന്നായിരുന്ന വൈറസ് അലർട്ട് ലെവൽ സർക്കാർ നാലായി ഉയർത്തി.

വർക്ക് ഫ്രം ഹോം വീണ്ടും കൊണ്ടുവന്നും പബ്ബുകളുടേയും റസ്റ്റോറന്റുകളുടേയും സമയം വെട്ടിക്കുച്ചും രണ്ടാം ലോക്ക്ഡൌണിന് ഒരുങ്ങുകയാണ് സർക്കാർ എന്നാണ് സൂചന. പ്രതിദിന കൊവിഡ് കേസുകൾ 4,000 കടന്നതോടെയാണ് ബോറിസ് ജോൺസൺ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,638 ആണ്. 11 പേർ മരിക്കുകയും ചെയ്തു. ഓരോ ആഴ്ചയും രോഗികളാകുന്നവരുടെ എണ്ണം ഇരട്ടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതു തുടർന്നാൽ ഒക്ടോബർ രണ്ടാംവാരത്തോടെ പ്രതിദിനം രോഗികളാകുന്നവർ അമ്പതിനായിരത്തിന് മുകളിലെത്തും. ഇതുവരെ രോഗികളായവരുടെ എണ്ണം രാജ്യത്ത് നാല് ലക്ഷത്തോളമാണെങ്കിലും (398,625) നിലവിൽ 70,000 പേർക്കാണ് രോഗബാധയുള്ളത്.

അടിയന്തര സാഹചര്യം വിലയിരത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നു രാവിലെ മുതിർന്ന മന്ത്രിമാരും സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന കോബ്ര കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനുശേഷം നിർണായക തീരുമാനങ്ങൾ പാർലമെന്റിൽ പ്രഖ്യാപിക്കും. രോഗവ്യാപനം തടയുന്നതിനായി ഐസൊലേഷനിൽ ആകുന്നവരെ സഹായിക്കാൻ 500 മില്യൻ പൗണ്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂളുകളും യൂണിവേഴ്സിറ്റികളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളുമെല്ലാം പതിവുപോലെ പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമായതും ഇതാണ്. ഈ സാഹചര്യത്തിൽ സാമൂഹിക ജീവിതത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

ഹോസ്പിറ്റാലിറ്റി, എന്റർടെയിൻമെന്റ് സെക്ടറിലും ഹോട്ടൽ, റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയിലാകും ആദ്യം നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യത. രണ്ടാമതൊരു ലോക്ഡൗണിന് ഉദ്യോഗസ്ഥ നിർദേശമുണ്ടെങ്കിലും സർക്കാർ ഇതിന് താൽപര്യം കാണിക്കുന്നില്ല. സ്കൂളികൾ മൊത്തമായി അടയ്ക്കുന്നതിനോടും സർക്കാരിന് യോജിപ്പില്ല.
രണ്ടാമതും ലോക്ക്ഡൗൺ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ടറുകളിലെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത് ഓഹരി വിപണിയേയും ഉലച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.