1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അമ്പതിൽ ഒരാൾ വീതം ഇതിനോടകം കൊവിഡ് രോഗികളായിക്കഴിഞ്ഞതായി റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ രണ്ടു ശതമാനം കൊവിഡ് രോഗികളാണ്. ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകൾ.

60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. കൊവിഡ് മഹാമാരി ആരംഭിച്ചശേഷം ആദ്യമായാണ് ബ്രിട്ടനിൽ ഇത്രയേറെ ആളുകൾക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന അമ്പതിനായിരത്തിലേറെ ആളുകളാണ് ബ്രിട്ടനിൽ രോഗികളാകുന്നത്.

നിലവിലെ പ്രതിസന്ധിക്കു പരിഹാരം വാക്സീനേഷൻ മാത്രമെന്ന് പ്രധാനമന്ത്രിപോലും തുറന്നു സമ്മതിക്കുന്നു. വാക്സീനേഷൻ നടപടികൾ ഊർജിതമായി തുടരുന്ന ബ്രിട്ടനിൽ, ഇതിനോടകം 13 ലക്ഷം ആളുകൾക്ക് കൊവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഇതിൽ ആറര ലക്ഷംപേരും 80 വയസിനു മുകളിലുള്ളവരാണ്. 80 കഴിഞ്ഞവരിൽ 23 ശതമാനം പേർക്കും ആദ്യഡോസ് വാക്സീൻ നൽകാനായി.

എൺപതു കഴിഞ്ഞ മറ്റുള്ളവർക്കും കെയർ ഹോമിലെ റസിഡൻസിനും ആശുപത്രി സ്റ്റാഫിനും എഴുപതു വയസ് കഴിഞ്ഞവർക്കും മറ്റ് രോഗാവസ്ഥകൾ ഉള്ളവർക്കുമാണ് അടുത്ത ഘട്ടത്തിൽ വാക്സീൻ നൽകുക. ആയിരത്തിലധികം വാക്സീനേഷൻ സെന്ററുകളിലൂടെ വരുംദിവസങ്ങളിൽ ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മാർച്ചിലേക്കാൾ സ്ഥിതിഗതികൾ മോശമാണെങ്കിലും, നിയന്ത്രണങ്ങളോട് ആദ്യ ലോക്ഡൗണിൽ കാണിച്ച അനുസരണ, ഇക്കുറി ജനങ്ങൾക്കില്ല. ലണ്ടൻ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പൊതുജീവിതത്തിന് കാര്യമായ വ്യതിയാനം ലോക്ഡൗൺ സൃഷ്ടിച്ചിട്ടില്ല. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഈമാസം അവസാനം ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റദ്ദാക്കി. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോൺസൺ.

ഒരു മലയാളി മരണം കൂടി

അതിനിടെ ബ്രിട്ടനിൽ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണം കൂടി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി ജോൺ വർഗീസ് (75) ആണ് മരിച്ചത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസ്. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ജോൺ വർഗീസിന്റെ ഭാര്യ മരിയയും കൊവിഡ് ബാധിച്ച് ചികിൽസയിലാണ്. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ). സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും.

നിയന്ത്രണങ്ങൾ നീട്ടാൻ ജർമനിയും ഇറ്റലിയും

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനുവരി ഏഴുവരെ ഇറ്റലിയിൽ പ്രഖ്യാപിച്ചിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 15 വരെ ദീർഘിപ്പിച്ചു. കൂട്ടം ചേർന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പലയിടത്തും നടത്തിയ അവധിക്കാല ആഘോഷങ്ങളുടെ പ്രത്യാഘാതങ്ങൾ, പുതിയ കൊവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.

ഇതനുസരിച്ച് ജനുവരി ഒൻപത്, 10 ദിവസങ്ങളിൽ രാജ്യം ഓറഞ്ച് സോണിലേയ്ക്ക് മാറും. 15 വരെയുള്ള മറ്റു ദിവസങ്ങൾ ഇറ്റലിയിൽ യെല്ലോ സോൺ ആയിരിക്കും. ജോലി, ചികിത്സ തുടങ്ങായ ആവശ്യങ്ങൾക്കല്ലാതെ റീജിയനുകൾക്കു വെളിയിലേയ്ക്കുള്ള യാത്ര ഓറഞ്ച് സോൺ കാലയളവിൽ അനുവദിച്ചിട്ടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഓറഞ്ചു സോൺ നിലവിലുള്ള ഒൻപത്, 10 തീയതികളിൽ ബാറുകളും റസ്റ്ററൻ്റുകളും പ്രവർത്തിക്കില്ല. കടകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാൻ അനുവദിക്കും. യെല്ലോ സോൺ കാലയളവിൽ റസ്റ്ററൻ്റുകളും ബാറുകളും വൈകിട്ട് ആറുവരെ പ്രവർത്തിക്കും. ആറിനുശേഷം ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങൾ തുടരാം.

ജർമനി ലോക്ഡൗൺ മാസാവസാനം വരെ നീട്ടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 16 നാണ് നിലവിലെ ദേശീയ ലോക്ഡൗൺ ആരംഭിച്ചത്. 8.3 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 2.65 ലക്ഷം പേർക്ക് കുത്തിവയ്പു ന‌ടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല