1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ മരിച്ച യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തും. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കൊവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണ കാരണം.

റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സംസ്കാര ശുശ്രൂഷകൾ. ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ്യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

ബ്രിട്ടനിൽ കൊവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോൻ. കൊവിഡ് രോഗവ്യാപനം ആരംഭിച്ചതിനുശേഷം ബ്രിട്ടനിൽ മുപ്പതോളം മലയാളികൾ മരിച്ചെങ്കിലും എല്ലാവരുടെയും മൃതദേഹം ഇവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. വിമാന സർവീസ് ഇല്ലാതിരുന്നതതായിരുന്നു ഇതിന് പ്രധാന കാരണം.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലിവർപൂൾ സ്ട്രീറ്റിലുള്ള അഞ്ചു നില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.