1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുതിച്ചുയരുന്ന തൊഴിൽ നഷ്ടം നേരിടാൻ ബ്രിട്ടൻ പുതിയ ജോബ് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു. നിലവിലെ ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബർ 31 മുതൽ ആറു മാസത്തേക്കാണ് പുതിയ പദ്ധതി. സ്ഥാപനങ്ങൾ താൽകാലികമായി പ്രവർത്തനം നിർത്തിയതോടെ ജോലി നഷ്ടമായവർക്ക് ശമ്പളത്തിന്റെ 80 ശതമാനം സൗജന്യമായി നൽകുന്നതായിരുന്നു നിലവിലെ ഫർലോ സ്കീം. ആറു മാസമായി തുടരുന്ന ഈ പദ്ധതിക്ക് പകരമായാണ് ചാൻസിലർ ഋഷി സുനാക് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ജീവനക്കാരെ മുഴുവൻസമയ ജോലിക്കായി തിരിച്ചെടുക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കായാണ് പുതിയ പദ്ധതി. കോൺട്രോക്ടഡ് അവേഴ്സിന്റെ മൂന്നിലൊന്നു സമയമെങ്കിലും ജോലി ചെയ്യുന്നവർക്കു മാത്രമാകും പുതിയ സ്കീമിന്റെ ആനുകൂല്യം ലഭിക്കുക. ജീവനക്കാർക്ക് നഷ്ടമാകുന്ന തൊഴിൽ സമയത്തിന്റെ മൂന്നിലൊന്നു സമയത്തിന്റെ ശമ്പളം സർക്കാരും മൂന്നിലൊന്ന് തൊഴിലുടമയും സൗജന്യമായി നൽകുന്നതാണ് പുതിയ പദ്ധതി.

ചുരുക്കിപ്പറഞ്ഞാൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർ പകുതി സമയം ജോലിചെയ്യുമ്പോൾ ശമ്പളത്തിന്റെ 77 ശതമാനം വരെ ലഭിക്കും. പരമാവധി 697.92 പൗണ്ട് വരെയാണ് ഇത്തരത്തിൽ സർക്കാർ ഒരാൾക്ക് ജോബ് സപ്പോർട്ടായി നൽകുക. ഫർലോ സ്കീമിൽ ഇത് 2,500 പൗണ്ട് വരെയായിരുന്നു.

ഫർലോ സ്കീമിലുള്ളവരെ ജോലിയിൽ തിരികെയെത്തിക്കാൻ പ്രഖ്യാപിച്ച ജോബ് റിട്ടെൻഷൻ സ്കീമും യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനായി പ്രഖ്യാപിച്ച അപ്രന്റീസ് സപ്പോർട്ടും ജനുവരി വരെ തുടരുമെന്നും ചാൻസിലർ ഋഷി സുനാക് അറിയിച്ചു. ഹോസ്പിറ്റാലിറ്റി, ടൂറിസം സെക്ടറുകളിൽ അഞ്ചു ശതമാനമായി കുറച്ചിരുന്ന വാല്യൂ ആഡഡ് ടാക്സിലെ ഇളവും മാർച്ച് 31 വരെ നീട്ടി.

അതിനിടെ സൂപ്പർ മാർക്കറ്റുകളിൽ സ്റ്റോക്ക് പൈലിംഗ് ആശങ്ക വ്യാപിക്കുന്നു. ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന ഇനങ്ങൾക്ക് പരിധി നിശ്ചയിച്ചതായി ടെസ്‌കോ, ആൽഡി, മോറിസൺസ് എന്നിവ ഉൾപ്പെടെയുള്ള സൂപ്പർ മാർക്കറ്റുകൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റോറുകളിൽ ക്ഷാമം ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ആറുമാസം വരെ നീണ്ടുനിൽക്കാവുന്ന പുതിയ നിയന്ത്രണങ്ങളാണ് ജനങ്ങളിൽ അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടാകുമെന്ന ഭീതി ജനിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.