1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2020

സ്വന്തം ലേഖകൻ: സ്പെയിനിൽ നിന്ന് യുകെയിലെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ വെട്ടിലായി വിനോദസഞ്ചാരികൾ. സ്പെയിനിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം യുകെ അപ്രതീക്ഷിതമായി പുതിയ കൊറോണ വൈറസ് യാത്രാ നിയമം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വേനലവധി ആഘോഷിക്കാൻ സ്പെയിനിലേക്ക് പുറപ്പെട്ട സഞ്ചാരികൾ ആശയക്കുഴത്തിലായി.

പുതിയ നിബന്ധന സർക്കാർ സ്ഥിരീകരിച്ചതിന് ശേഷം ആറു മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വന്നു. മജോർക്ക, മെനോർക്ക, ഐബിസ ദ്വീപുകൾ ഉൾപ്പെടെ സ്പെയിനിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മടങ്ങിവരുന്ന യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്റീൻ പാലിച്ചില്ലെങ്കിൽ പിഴയടയ്‌ക്കണം. ഈ രണ്ടാഴ്ചയ്ക്കിടെ ആളുകൾ ജോലി സ്ഥലത്തേക്കോ സ്കൂളിലേക്കോ പൊതു സ്ഥലങ്ങളിലേക്കോ പോകരുത്. കൂടാതെ അവശ്യ പിന്തുണയ്ക്കല്ലാതെ സന്ദർശകരും പാടില്ല. മറ്റുള്ളവരെ ആശ്രയിക്കാൻ കഴിയുമെങ്കിൽ ഭക്ഷണം വാങ്ങാൻ ഇവർ പുറത്തു പോകരുതെന്നും നിർദേശമുണ്ട്.

ഓഗസ്റ്റ് അവസാനത്തോടെ ഏകദേശം 1.8 മില്യൺ ആളുകൾ യുകെയിൽ നിന്ന് സ്പെയിനിലേക്ക് പറക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് യാത്രാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പുതിയ നിയമം ഈ യാത്രാ പ്ലാനുകളെല്ലാം അട്ടിമറിച്ചു. കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് വലയുന്ന വിനോദ സഞ്ചാര മേഖലയ്ക്കും പുതിയ ക്വാറന്റീൻ നിയമം വൻ തിരിച്ചടിയായി. അതേസമയം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തടയാൻ അടിയന്തരമായി നടപടികൾ വേണ്ടിവരുമെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ സർക്കാർ.

അതിനിടെ കൊറോണ വൈറസ് ലോക്ക്ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് മടങ്ങാൻ 2024 വരെ സമയമെടുക്കുമെന്ന് ഇവൈ ഐറ്റം ക്ലബിന്റെ വിലയിരുത്തൽ. ട്ട്രഷറി മാതൃകയിലുള്ള സാമ്പത്തിക മാതൃക ഉപയോഗിക്കുന്ന പഠനം തൊഴിലില്ലായ്മ 3.9 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരുമെന്നും അഭിപ്രായപ്പെടുന്നു.

ഈ വർഷം സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 11.5 ശതമാനം കുറയും. ഇത് ഒരു മാസം മുമ്പ് പ്രവചിച്ച 8 ശതമാനത്തേക്കാൾ കുറവാണ്. ഉപയോക്താക്കൾ പ്രതീക്ഷിച്ചതിലും കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും കുറഞ്ഞ ബിസിനസ്സ് നിക്ഷേപം വളർച്ചയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ കൊറോണ വൈറസിന് ശേഷമുള്ള സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് മുമ്പ് പ്രവചിച്ചതിനേക്കാൾ 18 മാസം കൂടുതൽ എടുക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.