1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: കോമൺസിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം യുകെയിലുടനീളം കർശനമായ ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശങ്ങളിൽ എംപിമാർ ഇന്ന് വോട്ട് ചെയ്യും. സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ‌, ബുധനാഴ്ചഅർധരാത്രി മുതൽ‌ 55 ദശലക്ഷത്തിലധികം ആളുകൾ‌ ഏറ്റവും പ്രയാസമേറിയ രണ്ട് ടിയറുകൾക്ക് കീഴിലാകും. അതേസമയം നിരവധി കൺസർവേറ്റീവ് എംപിമാർ ത്രിതല കൊവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായി കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു.

നൂറോളം കൺസർവേറ്റിവ് എംപിമാരാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദ്ദേശങ്ങളെ എതിർക്കുന്നത്. എന്നാൽ ലേബറും എസ്എൻ‌പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പാർലമെന്റിൽ ജോൺസണ് അധികം വിയർക്കേണ്ടി വരില്ലെന്നാണ് സൂചന. സർക്കാരിൻറെ പദ്ധതികളെക്കുറിച്ച് തനിക്ക് ഗുരുതരമായ സംശയങ്ങളുണ്ടെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.എന്നാൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിനെതിരെ വോട്ടുചെയ്യാതിരിക്കുന്നത് ദേശീയ താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുക എന്നതിലുപരി സർ കീർ സ്റ്റമർ ആഗോള മഹാമാരിയുടെ സമയത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് നമ്പർ 10 വക്താവ് ആരോപിച്ചു. ഇംഗ്ലണ്ടിൽ ദേശീയ ലോക്ക്ഡൗൺ ബുധനാഴ്ച അവസാനിക്കുമ്പോൾ മൂന്ന് ടിയറുകളുള്ള ത്രിതല ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ടിയർ വൺ, ടിയർ ടു, ടിയർ ത്രീ എന്നിങ്ങനെ ഓരോ പ്രദേശത്തെയും കൊവിഡ് വ്യാപന നിരക്കിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കും. ഭൂരിപക്ഷം ജനങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്നാണ് റിപ്പോർട്ടുകൾ.

ടിയർ രണ്ടിൽ, ആളുകൾക്ക് അവരുടെ വീടിന് പുറത്തുള്ള ആരുമായും കൂടിച്ചേരാനോ വീടിനുള്ളിൽ ബബിൾ രൂപീകരിക്കാനോ അനുവാദമില്ല, എന്നിരുന്നാലും ആറു പേരടങ്ങുന്ന ഔട്ഡോർ ഗ്രൂപ്പുകളിൽ അവർക്ക് സാമൂഹ്യ കൂടിച്ചേരലുകൾ നടത്താം. മൂന്നാം ടിയറിൽ ആളുകൾ അവരുടെ വീടിന് പുറത്തുള്ള ആരുമായും കൂടിച്ചേരരുത്, വീടിനുള്ളിൽ അല്ലെങ്കിൽ ഔട്ഡോറുകളിലും കൂടിച്ചേരാനാകില്ല. നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച്ച കൂടുമ്പോൾ അവലോകനം ചെയ്ത് തീരുമാനമെടുക്കുമെന്നും സർക്കാർ ഉറപ്പു നൽകുന്നു.

ജനുവരി ഒന്ന് മുതൽ പ്രവർത്തികമാകുന്ന പോയിന്റ് ബേസ്ഡ് ഇമിഗ്രെഷൻ സിസ്റ്റത്തിന് കീഴിൽ വീസ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ “ലളിതവും വഴക്കമുള്ളതുമായിരിക്കുമെന്ന സർക്കാർ വാഗ്ദാനത്തിലാണ് കുടിയേറ്റക്കാരുടെ പ്രതീക്ഷ. യുകെയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിൽ ചൊവ്വാഴ്ച മുതൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ എല്ലാ വിദേശ പൗരന്മാർക്കും വീസ അപേക്ഷകൾ നൽകാം.

ജനുവരി 1 മുതൽ യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് അപേക്ഷകൾ നൽകേണ്ടത് . വീസയ്ക്കായി ഓൺലൈനായി അപേക്ഷിക്കണം. വിദഗ്ധ വീസ തേടുന്നവർക്ക് ജോലി ഓഫർ ആവശ്യമാണ്, ഇംഗ്ലീഷിൽ പ്രാവീണ്യം നേടുകയും വേണം, കുറഞ്ഞത്, 25,600 പൗണ്ടാണ് ശമ്പളം വേണ്ടത്. വിദഗ്ധ തൊഴിലാളികളുടെ വീസകൾക്കുള്ള അപേക്ഷകൾ പോയിന്റ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടും, ഇത് വർഷങ്ങളായി ഓസ്‌ട്രേലിയയിൽ നിലവിലുള്ള സംവിധാനത്തിന്റെ മാതൃകയാണ് നടപ്പിലാക്കുന്നത്.

തൊഴിൽ യോഗ്യത്, ഇംഗ്ലീഷ് പരിജ്ഞാനം, അപേക്ഷകർ ശമ്പള പരിധി പാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ച് പോയിന്റുകൾ നൽകും. അപേക്ഷിക്കുന്നതിനുള്ള ചെലവ് 610 പൗണ്ട് മുതൽ 1,408 പൗണ്ട് വരെയാണ്. വിജയിച്ചോ എന്നറിയാൻ അപേക്ഷകർ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.