1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: ആബർ‌ഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് മരിച്ച മറ്റ് 2 പേർ.
കനത്ത മഴയും ഇടിമിന്നലും മണ്ണിടിച്ചിലുമാണ് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായത്. തീവണ്ടി അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി സർവീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു.

അബർഡീനിൽനിന്നും ഗ്ലാസ്ഗോയിലേക്ക് വരികയായിരുന്ന 0638 നമ്പർ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽ പെട്ടത്. പൊലീസും ഫയർഫോഴ്സും എമർജൻസി ആംബുലൻസ് സർവീസും എയർ ആംബുലൻസ് ടീമും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 01224319519 എന്ന ഹെൽപ്ലൈൻ നമ്പരിൽ നിന്നും അറിയാം.

സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകൾ അവധിക്കാലം ചെലവഴിക്കുന്ന സ്കോട്ട്ലൻഡിൽ പൊടുന്നനെയുണ്ടായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും കനത്ത ഇടിമിന്നലിലും മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി. വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നും നിരവധി പേർക്ക് പരുക്കേറ്റതായും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

കനത്ത ഇടിമിന്നലിൽ വീടിനു തീപിടിച്ച സംഭവവും ചൊവ്വാഴ്ച രാത്രി സ്കോട്ട്ലൻഡിലെ മേഴ്സെസൈഡിലുണ്ടായി. ബർമിംങ്ങാം ഷെഫീൽഡ് എന്നിവിടങ്ങളിലും ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി 35 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരുന്നതിനിടെയാണ് സ്കോട്ട്ലൻഡിൽ ചൊവ്വാഴ്ച രാത്രി ശക്തമായ മഴയും തണ്ടർ സ്റ്റോമും വെള്ളപ്പക്കത്തിനും ഗതാഗതക്കുരുക്കിനും വഴിവച്ചത്.

വീടുകളിലും കാറിലും വെള്ളം കയറി. സെൻട്രൽ ആൻഡ് ഈസ്റ്റേൺ സ്കോട്ട്വൻഡ്. നോർത്ത് ലാനാക് ഷെയർ, പെർത്ത്ഷെയർ എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ ഗതാഗതം തടസപ്പെടുത്തി. എം-8 മോട്ടോർ വേയിൽ ഗതാഗതം മണിക്കൂറുകളോളം നിലച്ചു. എഡിൻബറോ, ഹൈലാൻഡ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസും തകരാറിലായി. രാത്രി മുഴുവൻ ശക്തമായ ഇടിമിന്നൽ തുടർന്നു.

ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ-ലെവൽ വൊക്കേഷണൽ പരീക്ഷ ഫലം ഇന്നറിയാം. പരീക്ഷ നടക്കാതെ തന്നെ ഫലങ്ങൾ എത്തുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും തെല്ല് ആശങ്കയുണർത്തിയിട്ടുണ്ട്. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊവിഡ് -19 പടർന്നത് മൂലം പരീക്ഷകൾ റദ്ദാക്കിയതിനു ശേഷമാണ് ഫലങ്ങൾ പുറത്ത് വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.