1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2020

സ്വന്തം ലേഖകൻ: കൊവിഡ് കൊടുങ്കാറ്റിൽ കീറിപ്പറിഞ്ഞ് യുഎസിലെ കുടുംബങ്ങളുടെ ബജറ്റ്. ട്രം‌പ് തൊഴിലില്ലായ്മ വേതനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍, ഇക്കാര്യത്തിൽ ഭരണകൂടവും പ്രതിപക്ഷവും രണ്ടു തട്ടിലാണ്. ഡെമോക്രാറ്റുകള്‍ 3 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ സഹായം വേണമെന്ന നിലപാടെടുക്കുമ്പോൾ റിപ്പബ്ലിക്കന്‍മാര്‍ ഒരു ട്രില്യണ്‍ ഡോളര്‍ പാക്കേജാണ് നിര്‍ദ്ദേശിക്കുന്നത്.

ആഴ്ചയില്‍ 600 ഡോളര്‍ തൊഴിലില്ലായ്മ സഹായധനം പുനഃസ്ഥാപിച്ച് ജനുവരി വരെ നൽകാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. എന്നാൽ തൊഴിലില്ലായ്മ സഹായധനം ഗണ്യമായി കുറയ്ക്കാനാണ് റിപ്പബ്ലിക്കന്മാർ കാമ്പയിൻ നടത്തുന്നത്.

ഫെഡറല്‍ സഹായത്തിനായി സംസ്ഥാനങ്ങളും നികുതിബാധ്യത ഒഴിവാക്കാൻ ബിസിനസുകാരും ചേരുമ്പോൾ പ്രതീക്ഷകളുടെ ഭാരത്താൽ ഞെരുങ്ങുകയാണ് ട്രം‌പ് ഭരണകൂടം. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന് തിങ്കളാഴ്ച അയച്ച കത്തില്‍ നൂറിലധികം മുന്‍ ചീഫ് എക്‌സിക്യൂട്ടീവുകള്‍ അമേരിക്കയിലെ ചെറുകിട ബിസിനസുകള്‍ക്ക് കൂടുതല്‍ സഹായം ആവശ്യപ്പെട്ടു. മുന്‍ സ്റ്റാര്‍ബക്‌സ് മേധാവി ഹോവാര്‍ഡ് ഷുള്‍ട്‌സ് യഥാക്രമം ഡെമോക്രാറ്റും റിപ്പബ്ലിക്കനുമായ സെനറ്റര്‍മാരായ മൈക്കല്‍ ബെന്നറ്റിന്റെയും ടോഡ് യങ്ങിന്റെയും പിന്തുണയോടെയാണ് കത്ത് അയച്ചത്.

വാള്‍മാര്‍ട്ടിന്റെ ഡഗ് മക്മില്ലന്‍, ആല്‍ഫബെറ്റിന്റെ സുന്ദര്‍ പിച്ചൈ, ഡിസ്‌നിയുടെ ബോബ് ചാപെക് എന്നിവരും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഇതിനകം ഈ മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ടുവെന്നും ചെറുകിട ബിസിനസുകള്‍ പരാജയപ്പെടാന്‍ അനുവദിക്കുന്നത് തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയില്‍ വൈറ്റ് ഹൗസും ഡെമോക്രാറ്റുകളും ഇപ്പോഴും തീരുമാനത്തിലെത്താത്തതിനാല്‍, കോണ്‍ഗ്രസിനെ മറികടന്ന് ഏകപക്ഷീയമായി ശമ്പളനികുതി വെട്ടിക്കുറയ്ക്കാന്‍ ട്രംപ് ആലോചിക്കുന്നുണ്ട്.

കൊറോണ വൈറസ് മാന്ദ്യത്തിനിടയില്‍ ശമ്പള നികുതി വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് അമേരിക്കക്കാരെ സഹായിക്കാന്‍ ഇത് സഹായിക്കില്ലെന്നാണ് അവരുടെ വാദം.

കഴിഞ്ഞ വര്‍ഷം ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലേക്കുള്ള നോമിനിയെന്ന നിലയില്‍ ട്രംപ് യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ മൂറിനോട് ട്രഷറി വകുപ്പ് നികുതി ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വലിയ രാഷ്ട്രീയ, സാമ്പത്തിക അലയൊലികൾ ഉണ്ടാക്കുമെന്നതിനാൽ ഇക്കാര്യത്തില്‍ മുന്‍ നിര നേതാക്കളെല്ലാം മൗനം പാലിക്കുകയാണ്.

വാരാന്ത്യത്തില്‍ ശമ്പളനികുതി വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്‌തെങ്കിലും ഈ നിർദേശം മിക്കവാറും അവഗണിക്കപ്പെടാനാണ് സാധ്യതയെന്ന് നിരീക്ഷകർ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.