1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ ഉൾപ്പെടെ 4 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

യുഎസ് കോണ്‍ഗ്രസിന്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു.

പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു. നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യു.എസ്. കോണ്‍ഗ്രസില്‍ ജോ ബൈഡന്റെ വിജയം തടയാന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തയ്യാറായിരുന്നില്ല.

കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇന്ത്യന്‍ പതാകയും. ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പതാകയുമായി നില്‍ക്കുന്ന പ്രക്ഷോഭകര്‍ക്കിടയിലാണ് ദേശീയ പതാക കാണപ്പെടുന്നത്. ജനാധിപത്യ നടപടിക്രമങ്ങളെ അട്ടിമറിച്ച സംഭവമെന്ന് ലോകം വിശേഷിപ്പിച്ച കലാപത്തില്‍ ഇന്ത്യന്‍ പതാകയും പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

ട്രംപ് അനുകൂലികൾ കാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ സ്വയരക്ഷക്കായി താഴേക്ക് ഓ‍ടി പോയതായി യുഎസ് ഹൗസ് ഗാലറിയിലുണ്ടായിരുന്ന ഇന്ത്യൻ അമേരിക്കൻ വംശജരായ നാല് ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ ട്വിറ്ററിൽ കുറിച്ചു.

രോഷാകുലരായ പ്രകടനക്കാർ അകത്തേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടയിൽ അകത്തിരുന്നിരുന്ന ഗ്യാസ് മാസ്ക്ക് ധരിക്കേണ്ടി വന്നതായും ഗാലറിയിൽ നിന്നും താഴേക്ക് പോകുന്നതിന് സെക്യൂരിറ്റി വിഭാഗം സഹായിച്ചുവെന്നും ഇവർ സംയുക്തമായി പറഞ്ഞു. കാപ്പിറ്റോൾ ഓഫിസിനു മുമ്പിൽ പ്രതിരോധം തീർത്തു തോക്ക് വലിച്ചൂരി സെക്യൂരിറ്റി വിഭാഗം വാതിലുകൾക്ക് കാവൽ നിന്നതായും ഇവർ അറിയിച്ചു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്. കാപ്പിറ്റോള്‍ കലാപത്തെ യുഎസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ്‌ അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരകൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും ബോറിസ് ട്വീറ്റ് ചെയ്തു.

കലാപത്തെ അപലപിച്ച യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറെല്‍ യുഎസ് ജനാധിപത്യത്തിനുനേരെയുണ്ടായ ആക്രമണമെന്നാണ് കലാപത്തെ വിശേഷിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ജനാധിപത്യത്തിനു നേരെയുണ്ടായ ഗുരുതരമായ ആക്രമണമെന്നാണ് ക്യാപിറ്റോള്‍ കലാപത്തെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാനും വിശേഷിപ്പിച്ചത്.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അഭിപ്രായപ്പെട്ടു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും യുഎസ് ക്യാപിറ്റോളിലെ രംഗങ്ങള്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണെന്ന് ട്വീറ്റ് ചെയ്തു. അത്യധികം ദുഃഖകരമായ രംഗങ്ങളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.