1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: കൊവിഡും അനുബന്ധ പ്രശ്നങ്ങളും വീണ്ടും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹം പോരാടി കൊണ്ടിരിക്കുന്ന കൊവിഡും തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് 224,761 പേര്‍ ഇതിനോടകം യുഎസില്‍ മരിച്ചു കഴിഞ്ഞു. 8,390,547 പേര്‍ക്ക് ഇതുവരെ കൊവിഡ് പിടിപ്പെട്ടു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. ഇപ്പോഴും 2,707,762 പേരാണ് കൊവിഡുമായി ഇവിടെ മല്ലിട്ടു കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിനു മുന്നേ ഒരു വാക്‌സിന്‍ പ്രഖ്യാപനമെന്ന ട്രംപിന്റെ ലക്ഷ്യം തട്ടിത്തെറിപ്പിച്ച ഗവേഷകര്‍ക്കെതിരേ അദ്ദേഹം പലപ്പോഴും ശബ്ദം മുഴക്കുന്നുണ്ട്. കൊവിഡ് ബാധിച്ച ട്രംപ് ആശുപത്രിയില്‍ ഒരാഴ്ച പോലും ചെലവിട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ റാലികളില്‍ സാമൂഹിക അകലമോ, മാസ്‌ക്കുകളോ ഉണ്ടാവുന്നില്ല. കൊവിഡിന്റെ പിടിയില്‍പ്പെട്ടിട്ടും ട്രംപ് മാസ്‌ക്ക് ധരിക്കാന്‍ ഇപ്പോഴും തയാറാവുന്നില്ലെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.

എതിരാളി ജോ ബൈഡനെ പിന്നിലാക്കാനായി ആക്രമണാത്മകമായി മുന്നേറുന്ന പ്രസിഡന്റ് മാസ്‌ക് ധരിക്കുന്നത് ദൗര്‍ബല്യമാണെന്ന് ഇപ്പോഴും കരുതുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളെയാണ് ട്രംപ് അവഗണിക്കുന്നത്. അദ്ദേഹത്തിന്റെ സംസ്ഥാന റാലികളെല്ലാം തന്നെ ഗവണ്‍മെന്റിന്റെ കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയാണ് ഏതാണ്ടെല്ലാ ബഹുജന പങ്കാളിത്ത പരിപാടികളും റാലികളും നടത്തിയത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില്‍ നിന്നും വിവാദ പ്രസ്താവനകള്‍ തുടരുന്നതിനിടെ മൂര്‍ച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. “മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ,” ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇത്രയും മോശം സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്നും ബൈഡനു നേരേ പരിഹാസം തൊടുത്തുവിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിനുനേരെ ബൈഡന്‍ കൊവിഡ് തന്നെയാണ് റാലികളില്‍ ആയുധമാക്കിയത്. മായ പോലെ കൊവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവന്‍ അപഹരിക്കുകയാണ് വൈറസെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.