1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2020

സ്വന്തം ലേഖകൻ: കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോടികണക്കിന് രൂപയുടെ പാക്കേജിനുള്ള ബില്‍ പാസാക്കുന്നതിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ സാമ്പത്തിക പാക്കേജിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നതായി മുതിര്‍ന്ന നേതാവ് ജെന്‍ സാകി അറിയിച്ചു.

‘കുടുംബങ്ങളെയും ചെറുകിട ബിസിനസ് സംരഭങ്ങളെയും സംരക്ഷിക്കാന്‍ അടിയന്തര സാമ്പത്തിക സഹായം കൂടിയേ തീരു. ഇനിയും ഇക്കാര്യത്തില്‍ കാലതാമസം വരുത്താനാകില്ല. എത്രയും വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ.’ ജെന്‍ സാകി പറഞ്ഞു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്‌കേണലുമായും റിപ്പബ്ലികന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഡെമോക്രാറ്റുകളുടെ സാമ്പത്തിക പാക്കേജ് ആവശ്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ അതുണ്ടാകുമെന്ന് ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു.

ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് കടം നല്‍കുന്നതിനുള്ള പദ്ധതിയിലെ 455 ബില്യണ്‍ ചെലവഴിച്ചിട്ടില്ല. ഈ തുക കൊവിഡ് സഹായ പാക്കേജിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നാണ് മിച്ച് മക്‌കേണല്‍ നിര്‍ദേശിച്ചത്. ‘ഈ തുക അടിയന്തരവും ഏറെ പ്രധാനപ്പെട്ടതുമായ ദുരിതാശ്വാസ പാക്കേജിന് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. റിപ്പബ്ലിക്കന്‍സ് മാസങ്ങളായി ഇത് ആവശ്യപ്പെട്ടുകൊണ്ടികരിക്കുകയാണ്.’ മക്‌കേണല്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും തൊഴിലിലായ്മ വര്‍ധിച്ചതും ദുരിതാശ്വാസ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതിരുന്നതുമാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയിലേക്ക് നയിച്ചതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഇക്കാരണങ്ങളാണ് ബൈഡന്‍ ട്രംപിനെതിരെ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്. അതുകൊണ്ടു തന്നെ മുന്‍ പ്രസിഡന്റില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും ജോ ബൈഡന്റെ കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളെന്നാണ് സാമ്പത്തിക പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന നിരീക്ഷണങ്ങള്‍.

അധികാര കൈമാറ്റത്തിന് ട്രംപ് പൂര്‍ണ്ണമായും തയ്യാറായിട്ടില്ലെങ്കിലും ഉന്നത അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുമായി ബൈഡന്‍ കൂടിക്കാഴ്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസിയുമായും ഡെമോക്രാറ്റിക് അധ്യക്ഷന്‍ ചക്ക് ഷൂമറുമായും ജോ ബൈഡന്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.