1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് ഡെമോക്രാറ്റുകള്‍ അന്തിമഘട്ടത്തില്‍ വ്യാപകമായ പരസ്യ പ്രചാരണം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ ജൂനിയര്‍ വളരെയധികം ഇക്കാര്യത്തില്‍ മുന്നിലെത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൊറോണ വൈറസില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്യങ്ങളാണ് ബൈഡന്റേത്.

മൂന്ന് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ പരസ്യ ആധിപത്യം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ട്രംപിന്റെ 17 മില്യണ്‍ ഡോളറിനെക്കാള്‍ കൂടുതലായി അദ്ദേഹം 53 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി ഒരു പരസ്യ ട്രാക്കിംഗ് സ്ഥാപനമായ അഡ്വര്‍ടൈസിംഗ് അനലിറ്റിക്‌സില്‍ നിന്നുള്ള ഡേറ്റ വെളിപ്പെടുത്തുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് വളരെക്കൂടുതലാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച തിരഞ്ഞെടുപ്പു സംഭാവനകള്‍. അതു കൊണ്ടു തന്നെ വ്യാപകമായി തുക ചെലവഴിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. എന്നാൽ ഡെമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളിൽ കടന്നാക്രമണം നടത്താതെ നാല് വർഷം മുൻപ് തനിക്കൊപ്പം നിന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന്റെ വൈകിയ വേളയിൽ ട്രംപ് സന്ദർശനം നടത്തി പ്രചാരണം തുടരുകയാണ് ട്രം‌പ്.

ട്രംപ് 2016 ലും പരസ്യങ്ങള്‍ക്കായി തുക കുറച്ചാണ് ചെലവഴിച്ചത്. പക്ഷേ അദ്ദേഹം നിര്‍ണായക സംസ്ഥാനങ്ങളില്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉപയോഗിക്കുകയും എതിരാളി ഹിലരി ക്ലിന്റനെ മറികടക്കുകയും ചെയ്തു. തന്റെ സന്ദേശം പുറത്തെടുക്കുന്നതിനായി അദ്ദേഹം വലിയ റാലികളെയും ലൈവ് ന്യൂസ് കവറേജുകളെയും ആശ്രയിച്ചിരുന്നു. ഇത്തവണ മഹാമാരി, സ്വന്തം വൈറസ് അണുബാധ എന്നിവ കാരണം ഇപ്പോള്‍ ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ റാലികള്‍ കുറവാണ്. ഇവന്റുകള്‍ക്ക് കേബിള്‍ കവറേജും കുറവാണ്. ഫണ്ടിന്റെ കുറവും റിപ്പബ്ലിക്കന്മാർക്ക് തിരിച്ചടിയാണ്.

ടിവി പരസ്യ യുദ്ധങ്ങളുടെ വർധിച്ചുവരുന്ന സ്വഭാവം മൊത്തത്തിലുള്ള പ്രചാരണ വിവരണത്തിന്റെ ഭാഗമാണ്, അത് ബൈഡന്റെ സ്ഥിരമായതും ചെറുതാണെങ്കിലും കൂടി നേട്ടം കാണിക്കുന്നു. മേയ് മുതല്‍ ഏകദേശം 124 മില്യണ്‍ ഡോളര്‍ ടിവി ചാനലുകളില്‍ ചെലവഴിച്ച ട്രംപ് പരസ്യ യുദ്ധങ്ങളില്‍ ബൈഡനോടൊപ്പം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്.

കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഡമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായതോടെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ആത്മവിശ്വാസവും മാനം മുട്ടെ ഉയരുകയാണ്. നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റ് അംഗമായ കമലയും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റ് അംഗങ്ങളായ രാജ കൃഷ്ണമൂർത്തി, ആമി ബേറ, പ്രമീള ജയപാൽ, റോ ഖന്ന എന്നിവരും ചേർന്ന ‘സമൂസ കോക്കസ്’ എന്നു വിളിക്കുന്ന ഇന്ത്യൻ സംഘം വലുതാകാൻ സാധ്യതയുണ്ട്. വീണ്ടും മത്സരിക്കുന്ന രാജയും ആമിയും പ്രമീളയും റോ എന്ന രോഹിതും കൂടാതെ കോൺഗ്രസിലേക്കു ഭാഗ്യം പരീക്ഷിക്കുന്നത് 8 ഇന്ത്യൻ വംശജരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.