1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് നോമിനി ജോ ബൈഡനും വ്യത്യസ്ത ടിവി ചാനലുകളില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച വേളയിലാണ് ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ടു പരമാവധി വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചത്. ട്രംപിന്റെ അഭിമുഖം എന്‍ബിസിയിലും ബൈഡന്റെ ചോദ്യോത്തര പരിപാടി എബിസിയിലുമാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ടാം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടത്താനുള്ള ഡിബേറ്റ്‌സ് കമ്മിഷന്റെ തീരുമാനം ട്രംപ് നിരസിച്ചതിനെത്തുടര്‍ന്ന് രണ്ട് സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ച ഫലത്തില്‍ ഇല്ലാതായിരുന്നു.

തുടര്‍ന്നാണ് ടൗണ്‍ഹാളില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനെത്തിയത്. മിയാമിയിലെ പ്രേക്ഷക ചോദ്യങ്ങളിലേക്ക് തിരിയുന്നതിന് മുമ്പ് എന്‍ബിസിയില്‍ സവന്ന ഗുത്രിയുമായി അഭിമുഖം നടത്തിയ ട്രംപ്, തുടക്കത്തില്‍ തന്നെ പ്രതിരോധകോട്ട കെട്ടാനാണ് മുതിര്‍ന്നത്. ക്യുഅനോണ്‍ ഗൂഢാലോചന, പുതിയ നികുതി നയം, കൊവിഡ് പകര്‍ച്ചവ്യാധി എന്നതിനു പുറമേ വ്യക്തിഗത ആക്രമണ ആരോപണങ്ങള്‍ എന്നിവയെയാണ് ട്രംപ് നേരിട്ടത്.

ബൈഡനുമായുള്ള ആദ്യ സംവാദത്തിന് മുമ്പ് കൊറോണ വൈറസ് പരീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടുചെയ്തതുപോലെ കടക്കാരോട് 400 മില്യണ്‍ ഡോളര്‍ കടപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ‘ഞാന്‍ പറയുന്നത് എന്റെ മൊത്തം ആസ്തിയുടെ ഒരു ചെറിയ ശതമാനമാണ്,’ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച നിര്‍ദ്ദിഷ്ട ഡോളര്‍ തുകയെക്കുറിച്ച് ഗുത്രി ആവര്‍ത്തിച്ചപ്പോള്‍ ട്രംപ് പറഞ്ഞു.

എബിസി ന്യൂസില്‍, ജോര്‍ജ് സ്‌റ്റെഫനോ പൗലോസിന്റെ നയപരമായ ചോദ്യങ്ങള്‍ക്ക് ബൈഡന്‍ ഉത്തരം നല്‍കിയത് ട്രംപിനെ ആക്രമിച്ചു കൊണ്ടായിരുന്നു. വോട്ടര്‍മാരോടു സംവദിക്കാന്‍ കിട്ടുന്ന ഒരു ശ്രമവും പാഴാക്കില്ലെന്നു വെളിപ്പെടുത്തിയ ബൈഡന്‍, തങ്ങള്‍ വിജയിക്കുമെന്നതിനു തെല്ലും സംശയം വേണ്ടെന്നു വീണ്ടും ആവര്‍ത്തിച്ചു.

ഒക്ടോബര്‍ 22 ന് അവസാന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനു മുന്നോടിയായി കൊറോണ വൈറസ് പരിശോധന നടത്തിയെന്നതിന് ട്രംപ് തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് 19 ല്‍ നിന്ന് 800 ല്‍ അധികം അമേരിക്കക്കാര്‍ വ്യാഴാഴ്ച മരിക്കുകയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഇരയായിട്ടും അദ്ദേഹം ഇപ്പോഴും മാസ്‌ക്ക് ധരിക്കുന്നവരെ കോമാളിയെന്നു വിളിക്കുന്നത് സ്വയം വിഡ്ഢിയാണെന്നു തെളിയിക്കുന്നുവെന്നു ബൈഡന്‍ പറഞ്ഞു.

അതിനിടെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ജോർജിയയിലെ മാകോണിൽ നടന്ന റാലിക്കിടെയാണ് ട്രംപിന്‍റെ പ്രസ്താവന. “തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല,” ട്രംപ് പറഞ്ഞു.

കൊവിഡ് വ്യാപനം, സാമ്പത്തിക മുരടിപ്പ്, വർണവിവേചനം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകുന്നത്. മകോണിലെ റാലിയിൽ കോവിഡിനെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. അപൂർവമായാണ് ട്രംപ് ഇവയെ കുറിച്ച് തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കാറ്. എന്നാൽ, കോവിഡും സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികളും എതിരാളികൾ ആയുധമാക്കുന്നതിനെ കുറിച്ചും മാധ്യമങ്ങൾ, ടെക്നോളജി കമ്പനികൾ തുടങ്ങിയവ തനിക്കെതിരായതിനെ കുറിച്ചുമുള്ള പരാതികളാണ് ട്രംപ് പ്രധാനമായും പറഞ്ഞത്.

“തനിക്ക് തെരഞ്ഞെടുപ്പിന് വേണ്ടി എത്ര പണം വേണമെങ്കിലും സമാഹരിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരിക്കുന്നയാളാകാൻ കഴിയും. എന്നാൽ, ഞാനത് ചെയ്യുന്നില്ല,” ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ഉയർത്തുന്നത്. നവംബർ മൂന്നിനാണ് യു.എസിൽ തെരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.