1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പെന്റഗൺ നേതൃത്വവും അറിയിച്ചിരുന്നത്. ഇറാഖിൽ നിർത്തി വെച്ച ഐ.എസ് വിരുദ്ധ പോരാട്ടം യു.എസ് സൈന്യം പുനരാരംഭിച്ചതായ വാർത്തയും അധികൃതർ നിഷേധിച്ചു.

ജനുവരി എട്ടിനാണ് ഇറാഖിലെ ഐനുൽ അസദ്, ഇർബിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ 22 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. സൈനികർക്ക് പരിക്കില്ലാത്തതിനാൽ തുടർ ആക്രമണങ്ങൾ ഉപേക്ഷിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ 11 പേർക്ക് പരിക്കേറ്റതായി ബഗ്ദാദിലെ യു.എസ് സൈനിക കമാൻഡ് വക്താവ് കേണൽ മിൽസ് കാഗിൻസ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതാദ്യമായാണ് അമേരിക്കയുടെ സ്ഥിരീകരണം ഉണ്ടാകുന്നത്.

സൈനികരെ വിമാന മാർഗം വിദഗ്ധ ചികിൽസക്കായി കുവൈത്ത്, ജർമ്മനി എന്നിവിടങ്ങളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ പിന്നീടും മൂന്നു തവണ റോക്കറ്റാക്രമണം നടന്നിരുന്നു.

അതിനിടെ, ഇറാഖിൽ നിർത്തിവെച്ച സംയുക്ത ഓപ്പറേഷൻ അമേരിക്കൻ സൈന്യം പുനരാരംഭിച്ചുവെന്ന വാർത്തയും അധികൃതർ തള്ളി. യു.എസ് സൈന്യം രാജ്യം വിടണം എന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇറാഖ് സർക്കാർ അറിയിച്ചു. അമേരിക്കൻ സൈന്യത്തെ പുറന്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് മുക്തദ അൽ സദ്ർ ആഹ്വാനം ചെയ്ത് പ്രക്ഷോഭവും തുടരുകയാണ്.

യു.എസ് സൈന്യം ഗൾഫിൽ നിന്ന് പുറത്തു പോകണം എന്ന ആവശ്യം ഇറാനും ആവർത്തിച്ചു. ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്ന് ജുമുഅ ഖുതുബ നടത്തും. 2012ന് ശേഷം ഇതാദ്യമായി ഖുതുബ നിർവഹിക്കുന്ന ഖാംനഇ യൂ.എസിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകും എന്നാണ് സൂചന.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ ജനതയെ പിന്തുണക്കുന്നതായി നടിക്കുന്ന ഒരു ‘കോമാളി’ ആണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പരിഹസിച്ചു. 2012ന് ശേഷം ആദ്യമായി തെഹ്‌റാനിൽ ജുമുഅ നമസ്കാരത്തിനായി ജനങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം ആദ്യം യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഉന്നത ജനറലിന്റെ സംസ്കാര ചടങ്ങിൽ ദുഖം പ്രകടിപ്പിക്കാനെത്തിയ അനേകം ഇറാനികള്‍ ഇസ്‍ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ബാഗ്ദാദിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ പോരാട്ടം എന്ന പേരില്‍ യു.എസ് വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത് ജനറല്‍ ഖാസിം സുലൈമാനിയെ ആയിരുന്നു. ഏറ്റവും മികച്ച കമാൻഡറെയാണ് ഭീരുക്കളായ അമേരിക്കക്കാര്‍ കൊന്നതെന്ന് ഖാംനഇ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.