1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്‍ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ആകെ 105 വിമാനങ്ങളാണ് പറക്കുക. ഇതിൽ 34 എണ്ണം കേരളത്തിലേയ്ക്കാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിവിധ ദിവസങ്ങളിൽ വിമാനസർവീസ് നടക്കും.

ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് ആകെ 74 വിമാനങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തും. അബുദാബിയിൽ നിന്ന് 31 വിമാനങ്ങളും. വിമാന ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇൻഫർമേഷൻ ആൻഡ് കള്‍ചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള പ്രത്യേക വിമാന സർവീസ് കാലാവധി ഇന്ന് അവസാനിച്ചു. എന്നാൽ, സർവീസ് നീട്ടാനും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ പ്രത്യേക കരാർ പ്രകാരമാണ് ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാരെ കൊണ്ടുവരാൻ പ്രത്യേക വിമാന സർവീസ് ഇൗ മാസം 12ന് ആരംഭിച്ചത്.

മേയ് ആറിന് വന്ദേഭാരത് മിഷൻ പദ്ധതി ആരംഭിച്ച ശേഷം ആകെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇതിൽ 270,000 പേർ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്വകാര്യ വിമാനങ്ങൾ എന്നിവ വഴിയാണ് നാട്ടിലെത്തിയത്.

വന്ദേഭാരത് 5-ാം ഘട്ടത്തില്‍ ദോഹയിൽ നിന്ന് കേരളത്തിലേക്ക് 12 സര്‍വീസുകള്‍. ഓഗസ്റ്റ് 1 മുതല്‍ 9 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് 37 വിമാനങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിലേക്ക് കോഴിക്കോട് (3), തിരുവനന്തപുരം (4), കൊച്ചി (4), കണ്ണൂര്‍ (1) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്.

ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് www.goindigo.ina എന്ന വെബ്‌സൈറ്റിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നേരിട്ടു ബുക്ക് ചെയ്യാം. ജൂലൈ 30 ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 31 ന് അവസാനിക്കുന്ന വന്ദേഭാരത് 4-ാം ഘട്ടത്തില്‍ കേരളത്തിലേക്ക് 37 സര്‍വീസുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് കേരളത്തിലേത് ഉള്‍പ്പെടെ ഒട്ടുമിക്ക നഗരങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ ചിലത് റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ വന്ദേഭാരത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിലവിലെ യാത്രാ ഷെഡ്യൂള്‍ യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് ഇന്ത്യന്‍ എംബസി റീ ഷെഡ്യൂള്‍ ചെയ്‌തേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.