1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ നടൻ പൃഥ്വിക്കെതിരേ സൈബർ ആക്രമണം ശക്തമാകുകയാണ്.

ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മ​ദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തിൽനിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921-ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ നായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാന ശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.

മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021-ലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്ന് ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹർഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തിൽ സഹകരിക്കും.

അതേസമയം സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം പ്രതീക്ഷിച്ചതാണെന്നും മലബാര്‍ വിപ്ലവത്തെ തങ്ങള്‍ കാണുന്ന രീതിയിലാണ് സിനിമയില്‍ അവതരിപ്പിക്കുകയെന്നും സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചു.

“മലബാര്‍ കലാപം“ എന്ന വാക്ക് തന്നെ ഒരു ബ്രിട്ടീഷ് നരേറ്റീവ് ആയിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതൊരു സിവിലിയന്‍ ഏറ്റുമുട്ടലായിരുന്നെന്നും ആഷിഖ് അബു മനോരമ ന്യൂസിനോട് പ്രതികരിച്ചു.

“വളരെ ആസൂത്രിതമായി തന്നെ എല്ലാ റെക്കോര്‍ഡുകളും മായ്ക്കപ്പെട്ട ഒരു ചരിത്രം മലബാര്‍ വിപ്ലവത്തിലുണ്ട്. സാഭാവികമായും അത് ഈ ഒരു കാലഘട്ടത്തില്‍ ചര്‍ച്ചയായി സിനിമയായി വരുമ്പോഴേക്കും നിലവിലുള്ള ആശയക്കുഴപ്പത്തെ കൂട്ടുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി ഇതിന്റെ റിസേര്‍ച്ചുമായി നടക്കുകയായിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ് മുന്‍പ് ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ വലിയ സിനിമയായതുകൊണ്ട് തന്നെ പല കാരണങ്ങള്‍ കൊണ്ടും അത് ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീടാണ് എന്നെ സമീപിച്ചത്. ഒന്നിലധികം സിനിമകള്‍ ഉണ്ടാകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. പറ്റാവുന്നത്രയും ചിത്രങ്ങള്‍ മലബാര്‍ വിപ്ലവുമായി ബന്ധപ്പെട്ട് വരണം.

പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ത്തിട്ടുള്ള പല പ്രചാരവേലകള്‍ നടന്ന കാലഘട്ടമാണ് അത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അക്കാദമിക്കലി നല്ലതാണ്. ഞങ്ങള്‍ ഈ സിനിമയെ കാണുന്നതുപോലെയായിരിക്കില്ല പി.ടി കുഞ്ഞുമുഹമ്മദ് കാണുന്നത്.

വാരിയം കുന്നന്റെ പടമെന്ന് പേരില്‍ ഇപ്പോള്‍ പ്രരിക്കുന്നത് ആലിമുസ്‌ലിയാരുടെയാണ്. വാരിയംകുന്നിന്റെ പടം ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് പാരിസിലെ ഒരു മാഗസിനില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്‌ അദ്ദേഹത്തിന്റെ ഒരു പടം ലഭിച്ചു.

കൊല്ലപ്പെടുന്നതിന് മുന്‍പ് ബ്രിട്ടീഷുകാര്‍ എടുത്ത ഫോട്ടോ. നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ചരിത്ര രേഖയും വെച്ചുകൊണ്ടുള്ള ആഖ്യാനമാണ് നടത്തുന്നത്. ഇത് ആരേയും വേദനിപ്പിക്കുന്നതല്ല. എന്നാല്‍ നമ്മള്‍ വേദനിക്കുന്നു എന്ന് പറഞ്ഞ് മനപൂര്‍വം കരയുന്നവരെ ഒന്നും ചെയ്യാനാവില്ല. വേദനിക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്ക് വേദനിക്കും,” ആഷിഖ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.