1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2019

സ്വന്തം ലേഖകൻ: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് ഷെയ്‌നിന്റെ പ്രതികരണം. വെയില്‍ സിനിമയുടെ ഷൂട്ടിങ് കരാര്‍ പ്രകാരമുള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ താന്‍ സിനിമയുമായി സഹകരിച്ചുവെന്നും എന്നിട്ടും സംവിധായകന്‍ ശരത് മേനോന്‍ തന്നോടു മോശമായി പെരുമാറിയെന്നും ഷെയ്ന്‍ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഷെയ്ന്‍ കുറിപ്പിലൂടെ പറയുന്നു. വെയില്‍ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടിട്ടുള്ള സംഭവങ്ങളെല്ലാം ഷെയ്ന്‍ കുറിപ്പിലൂടെ വിശദീകരിക്കുന്നുണ്ട്.

ഷെയ്‌നിന്റെ കുറിപ്പ് വായിക്കാം.

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്കു ശേഷം വെയില്‍ എന്ന സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനില്‍ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനില്‍ വച്ചാണ് ഏകദേശരൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മാതാവ് യെസ് പറയു എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാന്‍ വരുന്നത്.

സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതെനിക്ക് എന്നും വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാന്‍ ശരത്ത് എന്ന സുഹൃത്തിന് ഈ സിനിമ ചെയ്യാന്‍ ഡേറ്റ് കൊടുത്തു. ഈ ഇടയ്ക്ക് വെയില്‍ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. എറണാകുളം പ്രസ്‌ക്ലബില്‍ പ്രസ്മീറ്റിന് പോകുന്നതിനു മുമ്പ് ശരത്ത് എന്നെ വിളിച്ചു പറഞ്ഞു. എനിക്കു വേണ്ടി സംസാരിക്കാനാണ് അവിടെ പോകുന്നതെന്ന്.

എന്നാല്‍ അവിടെ ചെന്നിട്ട് നിര്‍മാതാവിനോട് ചേര്‍ന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്‌നം നിര്‍മാതാക്കളുടെ സംഘടന, അമ്മ സംഘടനയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി. കുര്‍ബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വെയില്‍ എന്ന സിനിമയ്ക്കു വേണ്ടി 15 ദിവസം നീക്കിവയ്ക്കണമെന്ന് ധാരണ ഉണ്ടായി. ഈ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് ശരത്തുമായി കൂടി ആലോചിച്ച് 15 ദിവസം മതിയെന്ന തീരുമാനം സംഘടനാഭാരവാഹികളെ അറിയിച്ചത്.

നിര്‍മാതാവ് ജോബി ജോര്‍ജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുപോലും നിര്‍മാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലുള്ള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായത്. ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കം. നവംബര്‍ 11ന് രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണില്‍ മെസേജ് അയച്ചു. ചാര്‍ട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം.

അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താല്‍പര്യമില്ലെന്നും ഞാന്‍ അറിയിച്ചു. നവംബര്‍ 16ന് ലൊക്കേഷനിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജര്‍ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാര്‍ട്ടും ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച് അവനെ മോശം വാക്കുകള്‍ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവര്‍ ലൈറ്റ്അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യന്‍ ശരാശരി എട്ടു മുതല്‍ പത്ത് മണിക്കൂര്‍ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെ ആണ് ഈ സിനിമയ്ക്കു വേണ്ടി ഞാന്‍ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീര്‍ണമായ നാലു കാലഘട്ടങ്ങളാണ് ഞാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആര്‍ട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. എന്റെ മനസാനിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീനുകള്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എട്ട് സീനുകള്‍ ചെയ്തു തീര്‍ത്തു. സങ്കീര്‍ണമായ അഭിനയമുഹൂര്‍ത്തം ആവശ്യമായ സീനുകള്‍ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവര്‍ത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല.

എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങള്‍ എത്രയും നന്നായി ചെയ്യാന്‍ സാധിക്കുമോ അത്രയും നന്നായി ചെയ്യാന്‍ ശ്രമിക്കുന്ന കലാകാരനാണ് ഞാന്‍. ഈ കഴിഞ്ഞ വര്‍ഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും കാര്യത്തില്‍ സന്തുഷ്ടരാണ്. എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘര്‍ഷം ബഹുമാനപ്പെട്ട നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും അമ്മ സംഘടനയും മനസിലാക്കി എനിക്കു വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞാനും നിങ്ങളില്‍ ഒരുവനാണ്. ഞാന്‍ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.