1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2019

സ്വന്തം ലേഖകൻ: വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ടെന്ന് ഒരിക്കലെങ്കിലും അന്വേഷണം നടത്തി നോക്കിയിട്ടുള്ളവർ അടിവരയിട്ട് പറയും. ഒന്നാമത്തെ വഴി, ചെന്നെത്തുന്ന പറുദീസയോളം തന്നെ സുരക്ഷിതമാണെങ്കിൽ, രണ്ടാമത്തെ വഴിയിലൂടെ പോയാൽ മരണം സുനിശ്ചിതമാണ്. മനുഷ്യക്കടത്തുകാരുടെ കയ്യിൽ എല്ലാ സാമ്പത്തികനിലവാരത്തിലുള്ളവർക്കുള്ള പാക്കേജുകളുണ്ട്. കാര്യങ്ങളുടെ കിടപ്പുവശം അവർ ആദ്യമേ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. വിഐപി റൂട്ടിന് കാശ് നാലിരട്ടിയെങ്കിലും കൂടുതൽ ചെലവാകും.

എന്നാൽ വിഐപി റൂട്ടിൽ പോകുന്നയാളിന്റെ രോമത്തിനുപോലും ഇളക്കം തട്ടില്ല എന്ന് കൊണ്ടുപോകുന്നവർ ഉറപ്പുകൊടുക്കും. കാശില്ല കയ്യിൽ, ഗ്രാസ് റൂട്ട് മതി എന്ന് പറഞ്ഞു വരുന്നവരോട് സ്നേക്ക് ഹെഡ്‌സ് ആദ്യമേ തന്നെ പറയും, പോകുന്ന വഴിയിൽ ഒരിത്തിരി കഷ്ടപ്പാടൊക്കെ അനുഭവിക്കേണ്ടി വരും. യാത്ര ഏറെ ദുഷ്കരമാകും. ഒന്നോ രണ്ടോ ദിവസം ചിലപ്പോൾ ഭക്ഷണം പോലും കിട്ടിയില്ലെന്നു വരും. അതിനൊക്കെ സമ്മതമുണ്ടെങ്കിൽ ഇറങ്ങിപ്പുറപ്പെട്ടാൽ മതി എന്ന്.

പക്ഷേ, നാട്ടിൽ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി മറ്റുരാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ ചിലപ്പോൾ ഒരാൾ ജോലിചെയ്തുകിട്ടുന്ന പണം തികഞ്ഞെന്നു വരില്ല. എന്നാൽ, കൂലിയിലെ കുറവിന് ആനുപാതികമായി ജീവിതച്ചെലവിൽ കാര്യമായ കുറവൊന്നുമില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാരിന്റെയും പാർട്ടിയുടെയും നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയും സർവ്വവ്യാപിയാണ്.

അതിൽ നിന്നൊക്കെ രക്ഷപ്പെട്ടോടാനുള്ള പരാക്രമത്തിനിടെ എന്ത് ദുരിതവും സഹിക്കാനുളള മാനസികാവസ്ഥ അവർക്ക് കൈവരും.ഇങ്ങനെ വരുന്നവർക്കൊന്നും തന്നെ ആഡംബരജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളൊന്നും കാണില്ല. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ജനിച്ചുവളർന്ന നാട്ടിൽ സാധിക്കില്ല എന്ന തോന്നൽ ബലപ്പെടുമ്പോഴാണ് അവർ ഇത്തരത്തിലുള്ള പലായനങ്ങൾക്കും, കുടിയേറ്റ ജീവിതങ്ങൾക്കും മനസ്സിനെ പാകപ്പെടുത്തി, ഇറങ്ങിപ്പുറപ്പെടുന്നത്.

ങ്ഗുയെൻ ഡിൻ ഗിയ എന്ന വിയറ്റ്‌നാംകാരന് സ്വന്തം മകൻ ഇപ്പോൾ എവിടെയാണുള്ളത് എന്നറിയില്ല. എസ്സെക്സിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒന്ന് മകൻ ങ്ഗുയെൻ ഡിൻ ലോഞ്ചിന്റെതാണ് എന്ന് പലരും ങ്ഗുയെനോട് പറയുന്നുണ്ട്. മകൻ ജോലിയന്വേഷിച്ച് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് നാളേറെയായി എന്ന് ങ്ഗുയെൻ സമ്മതിക്കുന്നു. അവനിപ്പോൾ എവിടെയാണെന്ന് അദ്ദേഹത്തിനറിയില്ല.

പക്ഷേ, ഒരു കാര്യത്തിൽ മാത്രം തികഞ്ഞ ഉറപ്പ് അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം ഇടയ്ക്കിടെ പറയുന്നുമുണ്ട്, “അവൻ പോയിരിക്കുന്നത് ഗ്രാസ് റൂട്ട് വഴിയണേൽ അവൻ മരിച്ചിട്ടുണ്ടാകും. ഉറപ്പാ! രക്ഷപ്പെടാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. വിഐപി റൂട്ടാണ് സുരക്ഷിതം. പക്ഷേ കാശു കൂടുതലാണ്. അത് വഴി പോയിരുന്നേൽ ഇപ്പോൾ അവൻ യുകെയിൽ എത്തിയേനെ,” ങ്ഗുയെൻ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.