1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2020

സ്വന്തം ലേഖകൻ: ഗഗന്‍യാന്റെ മനുഷ്യരില്ലാത്ത ആദ്യഘട്ട മിഷനില്‍ ബഹിരാകാശത്തേയ്ക്കു പറക്കുക ഒരു സ്ത്രീ ഹ്യൂമോയ്ഡ് ആയിരിക്കും. ബഹിരാകാശ യാത്രികരുമായുള്ള പേടകത്തിന്റെ യാത്രയ്ക്ക് മുന്നോടിയായി മനുഷ്യരില്ലാതെയുള്ള രണ്ടു മിഷനുകളിലാണ് ഈ സ്ത്രീ ഹ്യൂമനോയ്ഡ് ബഹിരാകാശ യാത്ര നടത്തുക. ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വ്യോമമിത്ര എന്നാണ് ഇന്ത്യയ്ക്കായി ബഹിരാകാശ യാത്ര നടത്തുന്ന സ്ത്രീ ഹ്യൂമനോയ്ഡിന്റെ പേര്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സ്‌പേസ് റോബോട്ട് ആയ വ്യോമമിത്രയെ വികസിപ്പിച്ചെടുത്തത്. മനുഷ്യന് സമാനമായ രീതിയില്‍ സാഹചര്യങ്ങളോട് പ്രതികരിക്കാനും പെരുമാറാനും സാധിക്കുന്ന വിധത്തിലാണ് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഇത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍നിന്ന് ശാസ്ത്രജ്ഞരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അവരുമായി സംവദിക്കാനും ഇതിന് കഴിയും.

2022ല്‍ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്റെ യാത്രയ്ക്ക് മുന്നോടിയായായി 2020ല്‍ നടത്തുന്ന യാത്രയിലാണ് വ്യോമമിത്ര ബഹിരാകാശത്തേയ്ക്ക് പറക്കുക. ഇതിനു ശേഷം 2021ലും സ്‌പേസ് റോബോട്ടുമായി മറ്റൊരു ബഹിരാകാശ യാത്രയും നടത്തുന്നുണ്ട്.

മനുഷ്യ ശരീരത്തോട് സാദൃശ്യമുള്ളതും പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്യുന്നതുമായ റോബോട്ടുകളാണ് ഹ്യൂമനോയ്ഡുകള്‍. ശാസ്ത്രമേഖലയിലെ ആവശ്യങ്ങള്‍ക്ക് ഹ്യൂമനോയ്ഡുകളെ ഇപ്പോള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്.

കാഴ്ചയില്‍ മനുഷ്യനേപ്പോലെയുള്ള റോബോട്ടാണ് വ്യോമമിത്ര. മനുഷ്യന്റേതായ ഒട്ടുമിക്ക ശാരീരിക ചലനങ്ങളും സാധ്യമാകുന്ന ഈ റോബോട്ട്, ബഹിരാകാശ യാത്രികരുമായുള്ള മിഷന് സഹായകമാകുന്ന പല സുപ്രധാന വിവരങ്ങളും ഐഎസ്ആര്‍ഒയ്ക്ക് നല്‍കും. മനുഷ്യയാത്രയ്ക്കു മുന്‍പുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് വ്യോമമിത്രയെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ സാം ദയാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. പദ്ധതിയുടെ ആദ്യഘട്ടം പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തുമെന്നും ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചിരുന്നു. 10000 കോടി എങ്കിലും പദ്ധതിക്ക് ചിലവ് വരും എന്നാണ് കണക്കുകൂട്ടല്‍.

ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്ആര്‍ഒ ചിലവാക്കി കഴിഞ്ഞു എന്നാണ് കണക്ക്. 2008 ലാണ് മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ആശയം ഐഎസ്ആര്‍ഒ മുന്നോട്ട് വച്ചത്. എന്നാല്‍ സാങ്കേതിക സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി വൈകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.