1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2020

സ്വന്തം ലേഖകൻ: വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകൾ അനുഭവിക്കാത്ത അധികമാരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു.

നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച് സാധ്യതകളെയാണ് വാട്‌സ്ആപ് വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സ്ആപിന്റെ FAQ പേജിലാണ് വിവരമുള്ളത്.

ഏറ്റവും പുതിയ വാട്‌സ്ആപ് വെര്‍ഷനില്‍ മാത്രമേ ഈ ഓപ്ഷന്‍ നടക്കൂ. മെസേജ് അയക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും വാട്‌സ്ആപ്പ് വെര്‍ഷന്‍ ഏറ്റവും പുതിയതായിരിക്കണം. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇതു ബാധകമാണ്.

സ്വകാര്യതക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്ന ആപ്പിളിന്റെ ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഈ ഓപ്ഷന്‍ വഴി നീക്കം ചെയ്യാനായെന്ന് വരില്ല. ഒരിക്കല്‍ മേസേജ് സ്വീകരിക്കുന്നയാളുടെ ഐഫോണ്‍ ഗാലറിയിലേക്ക് സേവ് ചെയ്യപ്പെട്ടാല്‍ പിന്നെ ഒന്നും നടക്കില്ല. മെസേജ് സ്വീകരിച്ചയാള്‍ തന്നെ വിചാരിച്ചാലേ മെസേജ് ഡിലീറ്റ് ചെയ്യാനാകൂ. ആപ്പിളിന്റെ സ്വകാര്യതാ നയം അനുസരിച്ച് വാട്‌സ്ആപ്പിന് പ്രത്യേകം അനുമതിയില്ലാതെ ഐഫോണ്‍ ഗാലറിയിലേക്ക് കടക്കാന്‍ സാധിക്കില്ല. ഐഫോണില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളത്.

സദാസമയം ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നവരുടെ അടുത്ത് ഈ ഡിലീറ്റ് മെസേജ് ഓപ്ഷന്‍കൊണ്ടും വലിയ കാര്യമൊന്നുമില്ലെന്നും വാട്‌സ്ആപ് ഓര്‍മ്മിപ്പിക്കുന്നു. കാരണം ഒരിക്കല്‍ അയച്ച മെസേജ് തെറ്റിപോയെന്ന് മനസിലാക്കി നിങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന സമയംകൊണ്ട് മെസേജ് സ്വീകരിച്ചയാള്‍ സന്ദേശം കാണാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് നോട്ടിഫിക്കേഷന്‍ വന്ന വഴിക്ക് നോക്കിയാല്‍.

നിങ്ങള്‍ ഒരു മെസേജ് ഡിലീറ്റ് ചെയ്യുകയും എന്തെങ്കിലും കാരണവശാല്‍ മെസേജ് സ്വീകരിച്ചയാളില്‍ നിന്ന് അത് ഡിലീറ്റ് ആവാതിരിക്കുകയും ചെയ്താലും നിങ്ങളറിയാന്‍ പോകുന്നില്ല. കാരണം അക്കാര്യം വാട്‌സ്ആപ്പ് ഒരിക്കലും അറിയിക്കാറില്ലെന്നതു തന്നെ. ഡിലീറ്റ് ചെയ്ത മെസേജ് അത് സ്വീകരിച്ചയാള്‍ കണ്ടോ ഇല്ലയോ എന്നും നിങ്ങളൊരിക്കലും അറിയില്ല.

ഒരിക്കല്‍ ഒരു സന്ദേശം അയച്ചാല്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും അത് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് കരുതരുത്. ഒരു മണിക്കൂറിനുള്ളില്‍ മാത്രമേ നിങ്ങള്‍ക്ക് സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് നല്‍കുന്നുള്ളൂ. നേരത്തെ അത് ഏഴ് മിനുറ്റ് മാത്രമായിരുന്നു. പിന്നീടാണ് ആ സമയം ഒരു മണിക്കൂറായി ഉയര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.