1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: അറസ്റ്റുചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.‌എസ്‌.പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ല ഭരണകൂടം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ ആക്രമിസംഘം വെടിവെച്ച് കൊന്നത്. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിൻറെ നടപടി. സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്നൗ കൃഷ്ണനനഗറിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, വ്യാഴാഴ്ച രാത്രിയിലെ റെയ്ഡ് സംബന്ധിച്ച് വിവരം വികാസ് ദുബെയ്ക്കും സംഘത്തിനും ചോർത്തി നൽകിയെന്ന് സംശയിക്കുന്ന പൊലീസുകാരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

അതിനിടെ മകനെ കൊന്നുകളഞ്ഞേക്കൂവെന്ന്‌ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ് സരളാദേവി വ്യക്തമാക്കി. ദുബെയെ അറസ്റ്റ് ചെയ്യാൻ സാധിച്ചാലും കൊന്നുകളയണമെന്നാണ് സരളാദേവി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദുബെയ്ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവർ പറഞ്ഞു.

“അവൻ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കിൽ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാൻ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നൽകണം,” സരളാദേവി പറഞ്ഞു. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ്‌ ദുബെ ചെയ്തതെന്നും ഒളിവിൽ നിന്ന് പുറത്തു വരുന്നതാണ് ദുബെയ്ക്ക് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവർത്തകരുമായുള്ള സഹവാസത്തെ തുടർന്നാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചതെന്നും അവർ പറഞ്ഞു. എംഎൽഎയാവാനാണ് മുൻമന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇളയമകന്റെ കൂടെ ലഖ്നൗവിലാണ് സരളാദേവി താമസിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.