1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരാനാണ് തീരുമാനം. സാര്‍സിന് സമാനമായ വൈറസ് ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ളതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് പുതിയ അജ്ഞാത വൈറസ് ആദ്യം കണ്ടെത്തിയത്. അജ്ഞാത വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആശങ്കയുടെ ഉയര്‍ന്നതോടെ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന എച്ച്.ഡബ്ല്യു.ഒ യോഗം തീരുമാനിക്കും.

ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 201 പേരിലാണെങ്കിലും 1700-ലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്.

രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂടുമെന്നുള്ള അനൗദ്യോഗിക കണക്കുകള്‍ വേറെയും പുറത്തുവരുന്നു. അജ്ഞാതവൈറസ് ബാധ മരണത്തില്‍ വരെ കലാശിച്ചേക്കാം എന്നതിനാല്‍ ആശങ്കയുണര്‍ത്തുകയാണ് ഈ കണക്കുകള്‍.

വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മില്‍ പത്ത് ദിവസത്തിന്റെ ഇടവേളയുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയേക്കാം.

ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.