1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വെള്ളത്തില്‍ ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് 25 വർഷം തടവുശിക്ഷ. സൗത്ത് കാരലിന സ്വദേശിനിയും നഴ്സുമായ ലെന ക്ലേറ്റനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ജൂലൈ 21നാണ് ലെനയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റന്‍ മരിച്ചത്.

ഫിസിക്കല്‍ തെറാപ്പി റിസോഴ്സസ് എന്ന കമ്പനിയുടെ സ്ഥാപകനായിരുന്നു സ്റ്റീവന്‍. ഗോവണിയിൽ നിന്ന് വീണ് മരിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്നിലെ രാസവസ്തുവിന്റെ സാന്നിധ്യം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതാണ് വഴിത്തിരിവായത്. 2018 ആഗസ്തില്‍ ലെന അറസ്റ്റിലായി. തങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടായതോടെ അദ്ദേഹത്തെ ഒന്ന് അസ്വസ്ഥനാക്കാനാണ് കണ്ണിലൊഴിക്കുന്ന മരുന്ന് വെള്ളത്തില്‍ കലക്കി നല്‍കിയതെന്നാണ് ലെന പറഞ്ഞത്.

വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനാല്‍ ഒരു പാഠം പഠിപ്പിക്കാനായാണ് ലെന മരുന്ന് കലക്കിയതെന്നും കൊല്ലണമെന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്നും യര്‍ക്ക് കൌണ്ടി പ്രോസിക്യൂട്ടേഴ്സ് വിചാരണക്കിടെ പറഞ്ഞു. മൂന്ന് ദിവസമാണ് മരുന്ന് കലക്കി നല്‍കിയത്.

അതിന് പിന്നാലെയാണ് ഗോവണിയില്‍ നിന്ന് വീണ് സ്റ്റീവന്‍ മരിച്ചത്. കോടിക്കണക്കിന് ഡോളര്‍ വിലയുള്ള സ്വത്തുക്കളുടെ ഉടമയായിരുന്നു സ്റ്റീവന്‍. സ്വത്ത് സ്വന്തമാക്കാനായി ലെന വില്‍പത്രം കത്തിച്ചുകളഞ്ഞെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ കോടതി പ്രതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.