1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2019

സ്വന്തം ലേഖകൻ: റഷ്യയെ ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായികവേദികളില്‍നിന്ന് നാലു വര്‍ഷത്തേക്കു വിലക്കാന്‍ ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) പാനല്‍ ശിപാര്‍ശ ചെയ്തിയിരിക്കുകയാണ്. കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന പദ്ധതി നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ശിപാര്‍ശ. എന്താണ് റഷ്യയുടെ ഉത്തേജകമരുന്ന് പദ്ധതി? എന്ത് പുതിയ വെളിപ്പെടുത്തലാണു വിലക്ക് ശിപാര്‍ശയിലേക്കു നയിച്ചത്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി റഷ്യ കായികതാരങ്ങള്‍ക്ക് ഉത്തേജകമരുന്ന് നല്‍കുന്നതായി വിസില്‍ ബ്ലോവര്‍മാരും നിരീക്ഷകരും ആരോപിക്കുന്നുണ്ട്. ഇതിനെ ത്തുടര്‍ന്ന് പല പ്രമുഖ രാജ്യാന്തര ഫെഡറേഷനുകളും റഷ്യയുടെ കായികതാരങ്ങളെ പ്രധാന മത്സരങ്ങളില്‍നിന്നു തടയുകയുണ്ടായി. കായികതാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോപ്പിങ് റെഗുലേറ്റര്‍മാര്‍ക്കു മോസ്‌കോയിലെ ലബോറട്ടറിയില്‍നിന്നു കൈമാറണമെന്ന വ്യവസ്ഥയില്‍ 2018 സെപ്റ്റംബറില്‍ വാഡ ഉപരോധം നീക്കി. വിവിധ കായിക ഇനങ്ങളില്‍ കൃത്രിമം കാണിച്ച നൂറുകണക്കിന് കായികതാരങ്ങളെ തിരിച്ചറിയാന്‍ റഷ്യയുടെ പുതിയ തീരുമാനത്തിലൂടെ കഴിയുമായിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷമുണ്ടായ വെളിപ്പെടുത്തല്‍ റഷ്യയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി. കൃത്യമായി ആസൂത്രണം ചെയ്ത ഉത്തേജകമരുന്ന് പദ്ധതി സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ നടക്കുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. മറ്റൊരു വിസില്‍ ബ്ലോവറും റഷ്യന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ റുസാഡയുടെ മുന്‍ മേധാവിയുമായ ഗ്രിഗറി റോഡ്ചെങ്കോവ് ന്യൂയോര്‍ക്ക് ടൈംസിനോടാണു വെളിപ്പെടുത്തല്‍ നടത്തിയത്.

2014 ലെ സോചി വിന്റര്‍ ഒളിമ്പിക്‌സിന്റെ സമയത്ത് രാജ്യത്തെ ഉത്തേജമരുന്ന് വിരുദ്ധ ഏജന്‍സിയിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും അംഗങ്ങള്‍ തന്നെ പരിശോധനയ്ക്കു വേണ്ട കായികതാരങ്ങളുടെ മൂത്ര സാമ്പിളുകള്‍ ഏജന്‍സിക്കു മാറ്റി നല്‍കിയെന്നായിരുന്നു ആരോപണം. ഏജന്‍സി ലബോറട്ടറിയിലെ മതിലിലുണ്ടാക്കിയ രഹസ്യദ്വാരത്തിലൂടെയാണ് സാമ്പിളുകള്‍ മാറ്റിയതെന്നാണ് റോഡ്ചെങ്കോവ് വെളിപ്പെടുത്തിയത്.

തുടർന്നുള്ള അന്വേഷണത്തിൽ സോചി ഒളിമ്പിക്‌സില്‍ റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ഉത്തജകമരുന്ന് ഉപയോഗിക്കപ്പെട്ടത്തിന്റെ തെളിവുകൾ പുറത്തുവന്നു. ഉത്തേജകമരുന്നു വിരുദ്ധ നിയമലംഘനങ്ങളില്‍ ഡസന്‍ കണക്കിനു റഷ്യന്‍ അത്ലറ്റുകള്‍ കുറ്റക്കാരാണെന്ന് ഐഒസി കമ്മിഷനുകളും കണ്ടെത്തി. മോസ്‌കോയിലെ ലബോറട്ടറിയില്‍ പരീക്ഷണഫലങ്ങള്‍ മാറ്റാനും ശേഖരിച്ച സാമ്പിളുകളില്‍ വ്യത്യാസം വരുത്താനും സഹായിക്കുന്ന സംവിധാനം റഷ്യന്‍ അധികൃതര്‍ രൂപകല്‍പ്പന ചെയ്തതായി ഐഒസിയുടെ രണ്ടാമത്തെ കമ്മിഷന്‍ സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.