1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2019

സ്വന്തം ലേഖകൻ: നവംബര്‍ 23 ന് ബോഗന്‍വില്‍ എന്ന ദ്വീപിലെ രണ്ട് ലക്ഷത്തില്‍ പരം നിവാസികള്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ ഒരു പുതിയ രാജ്യത്തിന്റെ ജനനത്തിനാകും വഴി തുറക്കുന്നത്. പാപുവ ന്യൂ ഗിനിയയുടെ കിഴക്കേയറ്റത്തുള്ള ചെറുദ്വീപായ ബോഗന്‍വില്‍ ചൂഷണത്തിനെതിരെ ഒമ്പത് കൊല്ലമായി നിരന്തര പോരാട്ടത്തിലാണ്.

ശനിയാഴ്ച ആരംഭിച്ച് ഡിസംബര്‍ 7 വരെ നീളുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബറിലാണ് പ്രഖ്യാപിക്കുക. സ്വാതന്ത്ര്യത്തിന് വേണ്ടിയാവും 90 ശതമാനത്തിലധികം വോട്ടുകളും രേഖപ്പെടുത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ദീര്‍ഘകാല പിന്‍ചരിത്രം ബോഗന്‍വില്ലിന് സ്വന്തമായുണ്ട്. 1975 ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പാപുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ മുതല്‍ ബോഗന്‍വില്ലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു.

പാപുവ ന്യൂ ഗിനിയയുടെ 45% കയറ്റുമതി വരുമാനം ബോഗന്‍വില്ലില്‍ നിന്നുള്ള വിഭവങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. സ്വര്‍ണത്തിന്റേയും ചെമ്പിന്റേയും ഖനികളുള്ള ബോഗന്‍വില്ലില്‍ നിന്ന് ഈ ലോഹങ്ങളുടെ ഖനനവും കയറ്റുമതിയും പാപുവ ന്യൂ ഗിനിയയാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നുള്ള വരുമാനവും സ്വാഭാവികമായും കൈയാളുന്നത് പാപുവ ന്യൂ ഗിനിയ തന്നെ. ഫലത്തില്‍ ബോഗന്‍വില്‍ കാലങ്ങളായി ചൂഷണം ചെയ്യപ്പെടുകയാണ്. ബോഗന്‍വില്‍ നിവാസികള്‍ പ്രധാനമായും ആവശ്യപ്പെടുന്നതും ആ ചൂഷണത്തില്‍ നിന്നുള്ള മോചനമാണ്.

ഖനികളെ ചൊല്ലിയുള്ള പ്രതിഷേധം 1988 ല്‍ ശക്തമായി. പാപുവ ന്യൂ ഗിനിയ ഭരണകൂടവും ബോഗന്‍വില്‍ റെവല്യൂഷണറി ആര്‍മിയും തമ്മിലുള്ള തര്‍ക്കം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറി. രണ്ട് ലക്ഷത്തോളമുണ്ടായിരുന്ന ദ്വീപുനിവാസികളില്‍ 20,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാനാതുറകളില്‍ നിന്നുള്ള ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് 1997 ല്‍ ബോഗന്‍വില്‍ റെവല്യൂഷണറി ആര്‍മി സമാധാനക്കരാറിന് തയ്യാറായി. 2000ല്‍ ഇരുകൂട്ടരും ഒപ്പുവെച്ച സമാധാനക്കരാര്‍ 2020 ല്‍ സ്വതന്ത്രതിരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ഉടമ്പടി മുന്നോട്ടുവെച്ചു.

10,000 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ദ്വീപിലെ ജനസംഖ്യയും താരതമ്യേന കുറവാണ്. സ്വാതന്ത്രരാഷ്ട്രമായി തീര്‍ന്നാലും ബോഗന്‍വില്ലിന്റെ സാമ്പത്തികാവസ്ഥയില്‍ നേരിയ പുരോഗതിക്കുള്ള സാധ്യതയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബോഗന്‍വില്ലിന്റെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനമാകുമായിരുന്ന ഖനിവ്യവസായവും ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. എന്നാല്‍ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ രാജ്യത്തിന് സാമ്പത്തികവളര്‍ച്ച കൈവരിക്കാമെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ബോഗന്‍വില്ലയെ വിഭജിക്കണമെന്ന പാപുവ ന്യൂ ഗിനിയയുടെ ആവശ്യം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. യുഎസ്, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ ലോകരാഷ്ട്രങ്ങള്‍ ബോഗന്‍വില്ലിന്റെ സ്വാതന്ത്യസമരത്തെ ഉറ്റുനോക്കുന്നുണ്ട്. പസഫിക്കിലെ ദ്വീപ് രാഷ്ട്രങ്ങളുമായി ബന്ധം ശക്തപ്പെടുത്താന്‍ ശ്രമത്തോടൊപ്പം ബോഗന്‍വില്ലയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കവും ചൈന ആരംഭിച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.