
സ്വന്തം ലേഖകൻ: ആർട്ടിക് ജയിലിൽ വെച്ച് മൂന്നു ദിവസം മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ തന്റെ ഭർത്താവിനെ കൊന്നുകളഞ്ഞുവെന്ന് അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ. മൂന്നുദിവസം മുമ്പാണ് നവാൽനി കൊല്ലപ്പെട്ട വിവരം ലോകമറിഞ്ഞത്. ജയിലിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു മരണമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത് പുട്ടിനാണെന്ന് തുറന്നുപറയുകയാണ് യൂലിയ.
”മൂന്നുദിവസം മുമ്പ് വ്ലാദിമിർ പുട്ടിൻ എന്റെ ഭർത്താവായ അലക്സി നവാൽനിയെ കൊലപ്പെടുത്തി. അദ്ദേഹം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ഞാൻ തുടരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം തുടരും. അലക്സിയുടെ അനുയായികളായ നിങ്ങളെല്ലാം ഒപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുകയാണ്.”-പൊതുപരിപാടിക്കിടെ യൂലിയ കണ്ണീരോടെ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനി വെള്ളിയാഴ്ചയാണ് സൈബീരിയയിലെ റഷ്യൻ ജയിലിൽ മരിച്ചത്. വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട അദ്ദേഹം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ജയിൽ അധികൃതരാണ് മരണ വിവരം പുറത്തറിയിച്ചത്. പതിറ്റാണ്ടു മുമ്പ് പുടിന്റെ അടുപ്പക്കാർ നടത്തുന്ന വൻ അഴിമതികൾ തുറന്നുകാട്ടിയാണ് നവാൽനി റഷ്യൻ രാഷ്ട്രീയത്തിൽ സജീവമായത്. 2015ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ക്രെംലിനു സമീപം വെടിയേറ്റു മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല