1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകളില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 50000 കോടിയിലേറെ മൂല്യമുള്ള നിധിശേഖരം. ഇത് ക്ഷേത്ര അറകളില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിധിശേഖരത്തിന്റെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിധിശേഖരത്തിന്‍റെ ഭാവി സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി.

ഇനിയും ഒരാഴ്ച കൂടി അറകളുടെ പരിശോധന തുടരും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അമ്പരപ്പിക്കുന്ന നിധിശേഖരം കണ്ടെടുത്ത ‘എ’ എന്ന അറയുടെ പരിശോധന പൂര്‍ത്തിയാവാല്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിന് ശേഷമാവും സമാനമായ ‘ബി’ എന്ന അറ തുറക്കപ്പെടുക. എന്നാല്‍ നിധി ശേഖരത്തിന്റെ മൂല്യം കൃത്യമായി കണക്കാക്കില്ല. നിലവറകളിലെ വസ്തുവകകള്‍ കണ്ടെടുത്ത് പട്ടിക തയ്യാറാക്കാന്‍ മാത്രമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കൃത്യമായ മൂല്യം നിര്‍ണ്ണയിക്കാത്തത്.

ഇതോടെ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്‍. ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സുരക്ഷ കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും ക്യാമറകള്‍ സ്ഥാപിക്കും. 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. സായുധ പൊലീസിന്‍റെ സേവനം വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ലഭ്യമാക്കും.

ടണ്‍ കണക്കിന് രത്നങ്ങള്‍, സ്വര്‍ണമാലകള്‍, സ്വര്‍ണദണ്ഡുകള്‍, സ്വര്‍ണപത്രങ്ങള്‍, സ്വര്‍ണമണികള്‍, രത്നം പതിച്ച കിരീടങ്ങള്‍, സ്വര്‍ണ കയര്‍, സ്വര്‍ണ വിഗ്രഹം, സ്വര്‍ണ ദണ്ഡ്‌, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ അരപ്പട്ടകള്‍, സ്വര്‍ണക്കുടങ്ങള്‍, ഡച്ച് കാശിമാല, വജ്രങ്ങള്‍ പതിച്ച വീരശൃംഖലകള്‍ എന്നിങ്ങനെയുള്ള നിധികളാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ നിന്ന് കണ്ടെത്തിയത്. നൂറ്റാണ്ടുകളായി തുറക്കപ്പെടാത്ത രണ്ട് അറകളില്‍ ഒന്നില്‍ നിന്ന് മാത്രം ഇരുപതിനായിരം കോടിയിലേറെ വിലവരുന്ന നിധിശേഖരമാണ് ലഭിച്ചത്. ഇവയുടെ ചരിത്രപ്രാധാന്യവും പഴക്കവും കണക്കാക്കാതെയുള്ള മൂല്യമാണിത്. 50 കോടിയുടെ രത്നക്കല്ലുകളും ഇവിടെയുണ്ട്. ആയിരത്തോളം ശരപ്പൊളിമാലകള്‍ ഉള്ളതില്‍ ചിലതിന് 18 അടിയോളം നീളം വരും.

സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകര്‍, മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍, ക്ഷേത്രം ഭാരവാഹികള്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. അഗ്‌നിശമന സേന, പൊതുമരാമത്ത് – പുരാവസ്തു വിദഗ്ധര്‍ എന്നിവരും സഹായത്തിനുണ്ട്.

1750ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പുതുക്കിപ്പണിതത്. പതിനാലാം നൂറ്റാണ്ടു മുതലുള്ള നിധിശേഖരമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് സൂചന. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് നിധിശേഖരത്തിന്‍റെ കണക്കെടുപ്പിലേക്ക് നയിച്ചത്. സുപ്രീം കോടതി അഭിഭാഷകന്‍ ടി പി സുന്ദരരാജന്‍റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധന നടക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.