1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2011

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് ലോകത്തിലെ ഏറ്റവും മഹത്തായ ഭാഗ്യങ്ങളില്‍ ഒന്നാണ്, എന്നിരിക്കിലും വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരും ആദ്യ പ്രസവത്തിനു ശേഷം അല്പകാലം കഴിഞ്ഞ് മതി അടുത്ത കുഞ്ഞെന്നും ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകുന്നുണ്ട്. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തെ ഒരു ഗര്‍ഭ നിരോധന മാര്‍ഗമായ് കാണുന്നതില്‍ നിന്നും ഗര്‍ഭിണികളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം.

ഇതിന്റെ ഭാഗമായ് ആരോഗ്യ മന്ത്രാലയം ഗര്‍ഭനിരോധന നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. ഗര്‍ഭചിദ്രത്തിന് വിധേയയാകുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ക്ക് ആവശ്യമായ കൌണ്‍സലിംഗ് നല്‍കി അബോര്‍ഷന്‍ റേറ്റ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഭേദഗതി. ഈ മാറ്റം മൂലം ഓരോ വര്‍ഷവും ബ്രിട്ടനില്‍ നടക്കുന്ന 60000 അബോര്‍ഷനുകള്‍ എങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്, കഴിഞ്ഞ വര്‍ഷം തന്നെ 202,400 സ്ത്രീകളാണ് ഗര്‍ഭിണി ആയതിന് ശേഷം കുഞ്ഞുങ്ങളെ വേണ്ടെന്നു വെച്ചത്.

ഈ പ്ലാന്‍ നിലവില്‍ വരുന്നതോട് കൂടി അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു തങ്ങളെ സമീപിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകുന്നതിനു മുന്‍പ് തന്നെ ആവശ്യമായ കൌണ്‍സിലിങ്ങുകള്‍ നല്‍കേണ്ടത് നിര്‍ബന്ധമാകും. എന്നാല്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കെതിരെ വാദിക്കുന്നവര്‍ പറയുന്നത് ക്ലിനിക്കുകള്‍ ഇതിനു തയ്യാറാകില്ല എന്നാണ് അവര്‍ അവരുടെ നേട്ടത്തെ മുന്‍ നിര്‍ത്തി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്നും ഇവര്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഭേദഗതി അബോര്‍ഷനെ വ്യവസായമായ് കാണുന്ന ക്ലിനിക്കുകള്‍ നിരസിക്കുമോ സ്വീകരിക്കുമോ എന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു.

അതേസമയം അബോര്‍ഷന്‍ ചാരിറ്റികള്‍ ഈ ഭേദഗതി അബോര്‍ഷന്‍ കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയും അറിയിച്ചിട്ടുണ്ട്. ബാക്ക്ബെഞ്ച്‌ കണ്സര്‍വേറ്റീവ് എംപിയായ നദൈന്‍ ഡോറിസ് ഉന്നയിച്ച ഈ ഭേദഗതിയോട് കൂടിയ ഹെല്‍ത്ത് ബില്‍ അടുത്ത ആഴ്ച വോട്ടിനിട്ടേക്കും അതിനു ശേഷം മാത്രമേ ഈ ഗര്‍ഭനിരോധന നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനെ പറ്റി ഗവണ്‍മെന്റ് വ്യക്തമായ തീരുമാനം പുറത്തു വിടുകയുള്ളു.

2008 ല്‍ ഇത് പോലെ ഗര്‍ഭനിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ഒരു ബില്‍ വോട്ടിനിട്ടപ്പോള്‍ തഴയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിനൊപ്പം തന്നെ ഈ ബില്‍ പാസാകുകയാനെങ്കില്‍ നിലവില്‍ നികുതിദായകര്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് സ്ത്രീകളെ കൌണ്‍സിലിംഗ് ചെയ്യാനായ് നല്‍കേണ്ടി വരുന്ന പ്രതിഫലം റദ്ദു ചെയ്യാനുമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.