1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2011

ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ രാജ്യത്ത്. ശരിയായ പരിപാലനം നല്‍കിയില്ലെങ്കില്‍ പെട്ടെന്ന് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷിയിലും വ്യതിയാനം സംഭവിക്കുന്നു. നമ്മുടെ ജീവിതരീതിയും ഇതിന് ഒരു തരത്തില്‍ കാരണമാകാറുണ്ട്. ഈ കാലാവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യത്തെയും ശരീരത്തിന്റെ പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കാവുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇതില്‍നിന്നും രക്ഷനേടാന്‍ സഹായകരമാണ്.

മാനസിക സംഘര്‍ഷം

മാനസികമായി ക്ലേശമനുഭവിക്കുന്നത് പ്രതിരോധശേഷി പ്രതികൂലമായി ബാധിക്കുന്നതിനിടയാക്കുന്നു. മാനസികമായി പിരിമുറുക്കമനുഭവിക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, നോറഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ പുറന്തള്ളുന്നു. ഇത് വിയര്‍പ്പ് വര്‍ധിക്കാനും രക്താതിസമ്മര്‍ദ്ദത്തിനും ഹൃദയമിടിപ്പ് വര്‍ധിക്കാനുമിടയാക്കുന്നു. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ താന്‍ മാനസികപിരിമുറുക്കമനുഭവിക്കുന്നുണ്ടെന്ന് ഒരാള്‍ക്ക് മനസ്സിലാക്കാം.

സ്ഥിരമായി ക്ലേശമുണ്ടാകുന്നത് പ്രതിരോധശേഷി ഇല്ലാതാക്കുന്നതിനിടയാക്കുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ സ്വയം അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുക. അലട്ടുന്ന കാര്യങ്ങളെന്താണോ അത് നിങ്ങള്‍ക്കേറ്റവും വിശ്വാസമുള്ള ഒരാളുമായി പങ്കുവെയ്ക്കുക. വിഷമങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കുമ്പോള്‍ മനസ്സിന് അല്‍പം ആയാസം ലഭിക്കും.

വിഷാദം

വിഷാദത്തിനടിമപ്പെടുന്നതും അസുഖം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ബന്ധമായും ചികില്‍സിക്കപ്പെടേണ്ട ഒരു രോഗാവസ്ഥയാണ് വിഷാദം. ഈ രോഗത്തിനടിമയാണെന്ന് തോന്നുന്ന അവസരത്തില്‍ അയാള്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ സമീപിക്കണം. അയാള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികില്‍സ വിധിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കും. വൈദ്യചികില്‍സയ്ക്ക് വിധേയനാക്കാതെതന്നെ സംസാരത്തിലൂടെ അയാളുടെ രോഗം മാറ്റിയെടുക്കാന്‍ ഡോക്ടര്‍ക്കു കഴിയും.

ഉറക്കക്കുറവ്

ഉറങ്ങുന്ന സമയത്തിന് ചെറിയ രീതിയിലുള്ള മാറ്റംവരുന്നതുതന്നെ ആരോഗ്യവ്യവസ്ഥയെ വളരെയധികം ബാധിക്കും. ആരോഗ്യവാന്‍ രാത്രിയില്‍ ഏറ്റവും കുറഞ്ഞത് 7 – 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം കല്‍പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കുറവാണെന്ന് റിസര്‍ച്ചുകള്‍ വ്യക്തമാക്കുന്നു.
മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ കുറച്ച് ഉറക്കത്തിന് ആവശ്യത്തിന് സമയം കണ്ടെത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നുണ്ടെങ്കിലും രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നുണ്ടാവില്ല. ഉറക്കം നഷ്ടപ്പെടുത്തുന്ന കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം ആളിന്റെ ഭാഗത്തുനിന്നുണ്ടാവണം. നല്ല വായു സഞ്ചാരമുള്ള മുറിയായിരിക്കണം ഉപയോഗിക്കേണ്ടത്.

തെറ്റായ ഭക്ഷണരീതി

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തെ ബാധിക്കും. ഇതൊഴിവാക്കാനായി പച്ചക്കറികളും ധാരാളം വെള്ളവും ധാന്യങ്ങളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അനാവശ്യമായ ഡയറ്റുകള്‍ ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡയറ്റ് ചെയ്യുക.

വ്യായാമം

കൃത്യമായി വ്യായാമം ചെയ്യുക. കഠിനമായിട്ടുള്ളവ ഒഴിവാക്കി ആരോഗ്യത്തിന് അനുസൃതമായിട്ടുള്ള വ്യായാമമുറകള്‍ സ്വീകരിക്കുക. കൃത്യമായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വര്‍ധിക്കാനും അസുഖം ബാധിക്കാനുള്ള സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.