1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2011

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഷിക്തനായി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭയിലെ 44 മെത്രാന്മാര്‍, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സല്‍വത്തോരെ പിനാക്ക്യോ, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമിസ്, ഭാരത ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്ഥാനാരോഹണ ചടങ്ങ് ഒരു മണിക്കൂറോളം നീണ്ടു നിന്നു. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്യോ, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അനുമോദനസന്ദേശം വായിക്കുകയും നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന് മാര്‍പ്പാപ്പയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് മുഖ്യകാര്‍മ്മികന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അധികാര ചിഹ്നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അധികാര കസേരയില്‍ അദ്ദേഹത്തെ ഇരുത്തിയതോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.

കുര്‍ബാനയ്ക്കു ശേഷം ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, സിറോ മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്കാബാവാ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സിറോ മലബാര്‍ സഭയിലെ ബിഷപ്പുമാരെ കൂടാതെ ഇതര സഭകളിലെ ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, ജഡ്ജിമാര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വന്‍ജനാവലി ചരിത്രമൂഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ സെന്റ് മേരീസ് ബസിലിക്കയിലെത്തിയിരുന്നു. ലോകമെങ്ങുമുള്ള 40 ലക്ഷത്തിലധികം വരുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയ നേതൃത്വം ആലഞ്ചേരി പിതാവിനായിരിക്കും.

കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ കാര്യാലയത്തില്‍ നടന്ന സിനഡിലാണ് സഭയുടെ മൂന്നാമത്തെ ആര്‍ച്ച് ബിഷപ്പായി മാര്‍ ആലഞ്ചേരിയെ തിരഞ്ഞെടുത്തത്. വത്തിക്കാന്റെ അനുമതിയോടെ വ്യാഴാഴ്ച 3.30ന് ജോര്‍ജ് ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ സമയത്തുതന്നെ വത്തിക്കാനിലും ഇത് പ്രഖ്യാപിച്ചു.

ചങ്ങനാശ്ശേരി തുരുത്തി ഇടവകയില്‍ പീലിപ്പോസ്-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19നാണ് ജോര്‍ജ് ആലഞ്ചേരി ജനിച്ചത്. 1972ല്‍ വൈദികപട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആലഞ്ചേരി 1994 മുതല്‍ 96 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറലായിരുന്നു. 1996 നവംബര്‍ 11ന് തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.