1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011


ലോകകപ്പ്‌ ക്രിക്കറ്റിലെ രണ്ടാമത്തെ അട്ടിമറിക്കും ഇരയാകാനുള്ള യോഗം ഇംഗ്ലണ്ടിനു തന്നെ. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ബംഗ്ലാദേശ്‌ 2 വിക്കറ്റിന്‌ പരാജയപ്പെടുത്തി. 48.5 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ വിജയം. നേരത്തെ ടോസ്‌ നേടിയ ബംഗ്ലാദേശ്‌ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 49.4 ഓവറില്‍ 225 റണ്‍ എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും നഷ്ടമായി. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട്‌ ബംഗ്ലാനിര ആഞ്ഞടിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ കണ്ടെത്താന്‍ ഇംഗ്ലണ്ടിനായില്ല.

ടോട്ടും മോര്‍ഗനും മാത്രമാണ്‌ മികച്ച പ്രകടനം പുറത്തെടുത്തത്‌. ഇവരുടെ പ്രകടനമില്ലായിരന്നെങ്കില്‍ ഇംഗ്ലണ്ട്‌ ദയനീയ സ്ഥിതിയിലാകുമായിരുന്നു. സ്കോര്‍ 32 ല്‍ എത്തിയപ്പോള്‍ പ്രയറിനെ ഇംഗ്ലണ്ടിന്‌ നഷ്ടപ്പെട്ടു. 15 റണ്‍സ്‌ മാത്രമാണ്‌ പ്രയറിന്‌ നേടാനായത്‌. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാറുള്ള സ്ട്രോസിനും ഇക്കുറി പിഴവ്‌ പറ്റി. 18 റണ്‍സെടുത്ത സ്ട്രോസ്‌ നയിം ഇസ്ലാമിന്റെ പന്തില്‍ ജുനൈദ്‌ സിദ്ദിഖിന്‌ പിടിനല്‍കി മടങ്ങി. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്‌ കരുതിയിരുന്ന ഇയാന്‍ ബെല്ലും ഇക്കുറി പരാജയപ്പെട്ടു. അഞ്ച്‌ റണ്‍സ്‌ മാത്രമാണ്‌ ബെല്ലിന്‌ നേടാനായത്‌. തുടര്‍ന്ന്‌ ടോട്ടും മോര്‍ഗനും ക്രീസില്‍ ഒത്തുചേര്‍ന്നതോടെയാണ്‌ ഇംഗ്ലണ്ട്‌ സ്കോറിന്‌ ജീവന്‍ വെച്ചത്‌. ഇരുവരും ചേര്‍ന്ന്‌ 109 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌.

ക്ഷമാപൂര്‍വ്വമായ കളിയാണ്‌ ട്രോട്ട്‌ പുറത്തെടുത്തത്‌. 72 പന്തില്‍ നിന്നും എട്ട്‌ ബൗണ്ടറികളുടെ സഹായത്തോടെ 63 റണ്‍സെടുത്ത മോര്‍ഗനാണ്‌ ആദ്യം പുറത്തായത്‌. നയിം ഇസ്ലാമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിച്ചത്‌. 99 പന്തില്‍ നിന്നും രണ്ട്‌ ബൗണ്ടറികലുടെ മാത്രം സഹായത്തോടെ 67 റണ്‍സെടുത്ത ട്രോട്ട്‌ പിന്നീട്‌ പുറത്തായി. പിന്നീടെത്തിയവര്‍ക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പ്രതീക്ഷയോടെ എത്തിയ ബൊപാര 16 ഉം സ്വാന്‍ 12 ഉം വാലറ്റത്ത്‌ ഇറങ്ങിയ കോളിംഗ്‌ വുഡ്‌ 14 ഉം റണ്‍സ്‌ മാത്രമാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ബംഗ്ലാദേശിനു വേണ്ടി നയിം ഇസ്ലാം, അബ്ദുള്‍ റസാഖ്‌, ഷക്കീബ്‌, അന്‍ഹന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.

ബംഗ്ലാദേശിനുവേണ്ടി ഷഫിയുള്‍ 24 റണ്ണും മുഹമ്മദുള്ള 21 റണ്ണും നേടി ബംഗ്ലാദേശി വിജയത്തിന്‌ നിര്‍ണ്ണായക പങ്കാളികളായി. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 58 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഇവരുടെ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും ബംഗ്ലാകടുവകള്‍ വിജയം പിടിച്ചെടുത്തു. ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍മാരായ ഇമൃല്‍ കൈസ്‌ (60) തമീമ്‌ ഇക്ബാല്‍ (38) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ഷക്കീബ്‌ അല്‍ഹസന്‍ 32 റണ്‍സ്നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.