1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2011

ബ്രിഡ്ജ്ടൗണ്‍: ബ്രിഡ്ജടൗണില്‍ ആദ്യ ടെസ്റ്റ് വിജയം എന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് മഴ വിലങ്ങ് തടിയായി. മഴ രസംകൊല്ലിയായെത്തിയപ്പോള്‍ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ദിനം ജയിക്കാന്‍ 83 ഓവറില്‍ 281 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് ഏഴിന് 202 എന്ന നിലയില്‍ പരാജയം അഭിമുഖീകരിക്കവെയാണ് മഴ രക്ഷിച്ചത്. നേരത്തെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

ആദ്യ ഇന്നിംഗ്‌സിലെന്നപോലെ രണ്ടാം ഇന്നിംഗ്‌സിലും വിന്‍ഡീസ് ബാറ്റിംഗ് നിര തുടക്കത്തിലെ തകര്‍ന്നു. 55 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരും വിശ്വസ്തനായ സര്‍വനും കൂടാരം കയറി. ഓപ്പണര്‍മാരായ ഭരത്തിനെയും സിമ്മണ്‍സിനെയും ഇഷാന്ത് ഷര്‍മ്മ പുറത്താക്കിയപ്പോള്‍ സര്‍വന്റെ വിക്കറ്റ് പ്രവീണ്‍ കുമാര്‍ വീഴ്ത്തി. പിന്നീട് വന്ന ബ്രാവോ ഒരുവശത്ത് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിനും മറുവശത്ത് വിന്‍ഡീസിന് ചന്ദര്‍പോളിന്റെയും സാമുവല്‍സിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചിന് 132 എന്ന നിലയില്‍ പരാജയം നേരിട്ട വിന്‍ഡീസിനെ ബ്രാവോയും കാള്‍ട്ടണ്‍ ബൊയും ചേര്‍ന്ന കൂട്ട് കെട്ടാണ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 73 റണ്‍സ് നേടിയ ഡാരന്‍ ബ്രാവോയും 46 റണ്‍സ് നേടി പുറത്താകാതെ നിന്ന കാള്‍ട്ടണ്‍ ബോയും മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്. കളിതീരാന്‍ 12.3 ഓവര്‍ ശേഷിക്കെ മഴ കാരണം കളിനിര്‍ത്തുമ്പോള്‍ ബോയും റണ്ണൊന്നുമെടുക്കാതെ രാംപാലുമായിരുന്നു ക്രീസില്‍. നാല് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യെയെ വിജയത്തിനരികെയെത്തിച്ചത്. രണ്ടിന്നിംഗ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 269/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിവിഎസ് ലക്ഷമണ്‍ (87), രാഹുല്‍ ദ്രാവിഡ് (55), അഭിനവ് മുകുന്ദ് (48) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.

സ്‌കോര്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 201, രണ്ടാം ഇന്നിംഗ്‌സ്: 269/6 ഡിക്ലയേര്‍ഡ്. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ്: 190, രണ്ടാം ഇന്നിംഗ്‌സ് 202/7.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.