1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

യു കെയിലെ കൌന്സിലുകളിലെക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്തു മണി വരെയാണ് പോളിംഗ് സമയം.വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.വെള്ളിയാഴ്ച രാത്രി തന്നെ ഫലങ്ങള്‍ പുറത്ത് വരും.ഇക്കഴിഞ്ഞ ഒരു വര്‍ഷത്തെ കൂട്ടു കക്ഷി സര്‍ക്കാരിന്റെ ഭരണത്തിന്‍റെ വിലയിരുത്തല്‍ ആയിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.അതേ സമയം ഭരണത്തില്‍ പങ്കാളിയാവാന്‍ വേണ്ടി പ്രഖ്യാപിത നയങ്ങളില്‍ നിന്നും പുറകോട്ടു പോയ ലിബറല്‍ ഡെമോക്രാട്ടുകള്‍ക്ക് വന്‍ തിരിച്ചടി ഉണ്ടായേക്കും.എന്തായാലും ബ്രിട്ടിഷ് രാഷ്ട്രിയ രംഗത്തെ തീരുമാനങ്ങള്‍ നമ്മെ ബാധിക്കുമെന്നതിനാല്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

വോട്ടിംഗ് പരിഷ്ക്കാരം വേണോ വേണ്ടയോ എന്ന വിഷയത്തില്‍ ഉള്ള അഭിപ്രായ വോട്ടെടുപ്പും ഈ തിരഞ്ഞെടുപ്പിനോപ്പം നടക്കുന്നുണ്ട്.നിലവിലുള്ള വോട്ടിംഗ് സംവിധാനം മാറ്റി പുതിയത് കൊണ്ട് വരണമോ വേണ്ടയോ എന്നതാണ് അഭിപ്രായ വോട്ടെടുപ്പിലെ ചോദ്യം.കണ്‍സര്‍വെറ്റിവ് പാര്‍ട്ടി ഈ പരിഷ്ക്കാരം വേണ്ട എന്നു ശക്തമായി വാദിക്കുന്നു. പുതിയ സിസ്റ്റം സങ്കീര്‍ണമാനെന്നും പണച്ചിലവേറിയതുമാണെന്നാണ് ടോറികള്‍ ഇതിനെ എതിര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്ലൊരു ശതമാനം സീറ്റുകളിലും ചെറിയ ഭൂരിപക്ഷത്തിനാണ് പാര്‍ട്ടി ജയിച്ചത്‌.പുതിയ പരിഷ്ക്കാരം വന്നാല്‍ ഈ സീറ്റുകള്‍ നഷ്ട്ടപ്പെടും എന്നതാണ് പരിഷ്ക്കാരം വേണ്ടെന്നു പാര്‍ട്ടി പറയുന്നതിന്റെ യഥാര്‍ത്ഥ കാരണം.

ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാട്ടുകളും പരിഷ്ക്കാരത്തെ അനുകൂലിക്കുന്നു.തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാന്‍ AV വോട്ടിംഗ് സംവിധാനം മൂലം കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.ജനങ്ങളുടെ യഥാര്‍ത്ഥ സപ്പോര്‍ട്ട് ഉള്ളയാള്‍ മാത്രമേ ജയിക്കൂ എന്നതിനാല്‍ പുതിയ പരിഷ്ക്കാരം തന്നെയാണ് നല്ലത്.അതിനാല്‍ ഈ പരിഷ്ക്കാരത്തിന് YES വോട്ട് നല്‍കുന്നതായിരിക്കും ഉചിതം.രണ്ടു തിരഞ്ഞെടുപ്പ് രീതികളും തമ്മിലുള്ള വ്യത്യാസം ചുവടെ ചേര്‍ക്കുന്നു.

നിലവിലുള്ള രീതി – First Past the Post

നമുക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ ഒരാള്‍ക്ക്‌ മാത്രം വോട്ട് ചെയ്യുന്ന രീതിയാണ് First Past the Post . ഇന്ത്യയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കുന്നതും ഇതേ രീതിയാണ്.നാം വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ഗുണന ചിഹ്നം (X) രേഖപ്പെടുത്തണം . വളരെ ലളിതമായ ഈ സംവിധാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നു.കുറഞ്ഞത്‌ ഇത്ര ശതമാനം വോട്ടുകള്‍ എങ്കിലും നേടണം എന്ന നിബന്ധന ഈ സംവിധാനത്തില്‍ ഇല്ല.

First Past the Post – വോട്ടിംഗ് സംവിധാനത്തിലെ അപാകത

നടത്തിപ്പിന്റെ കാര്യത്തില്‍ ലളിതമാണെങ്കിലും First Past the Post സംവിധാനം മൂലം തിരഞ്ഞെടുക്കപ്പെടുന്നത് ജനഹിതപ്രകാരമുള്ള സ്ഥാനാര്‍ഥി ആകണമെന്നില്ല.താഴെപ്പറയുന്ന ഉദാഹരണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും . അഞ്ചു പേര്‍ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ താഴെക്കൊടുക്കുന്നു
Party A – 32%
Party B – 28%
Party C – 20%
Party D – 15%
Party E – 5%

നിലവിലുള്ള സംവിധാനം (First Past the Post ) അനുസരിച്ച് 32 ശതമാനം വോട്ട് നേടിയ പാര്‍ട്ടി A വിജയിച്ചതായി പ്രഖ്യാപിക്കപ്പെടും.പക്ഷെ ബാക്കിയുള്ള 68 ശതമാനം ആളുകളും പാര്‍ട്ടി A വിജയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നു മനസിലാക്കുമ്പോഴാണ് ഈ സംവിധാനത്തിലെ അപാകത മനസിലാവുക.

പക്ഷെ എന്തു ചെയ്യും ;കൂടുതല്‍ വോട്ട് കിട്ടിയത് പാര്‍ട്ടി A -യ്ക്ക് ആണല്ലോ ?

സ്വാഭാവികമായും ആരും ഉയര്‍ത്തുന്ന ചോദ്യമാണിത് .തികച്ചും ന്യായമായ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പുതിയ വോട്ടിംഗ് സംവിധാനം – Alternate Voting System ( AV )

എന്താണ് AV വോട്ടിംഗ് സിസ്റ്റം ?

ഈ സംവിധാനത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ഗുണനചിഹ്നത്തിനു പകരം 1 , 2 , 3 ,4 , 5 എന്നിങ്ങനെ നമ്പരുകള്‍ രേഖപ്പെടുത്തണം.ഏറ്റവും കൂടുതല്‍ താല്‍പ്പര്യം ഉള്ളയാളുടെ പേരിനു നേരെ 1 എന്നു രേഖപ്പെടുത്തണം. അടുത്തതായി താല്പ്പര്യമുള്ളയാളുടെ പേരിനു നേരെ 2 രേഖപ്പെടുത്തണം.പിന്നീടു താല്‍പ്പര്യം ഉള്ളയാളുടെ പേരിനു നേരെ 3 രേഖപ്പെടുത്തണം.ഈ ക്രമം പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യണം .നിങ്ങള്‍ക്ക് ഒരാളെ മാത്രമേ താല്‍പ്പര്യം ഉള്ളുവെങ്കില്‍ അയാളുടെ പേരിനു നേരെ 1 എന്നു രേഖപ്പെടുത്തിയാല്‍ മതിയാകും.

എങ്ങിനെയാണ് AV വോട്ടില്‍ വിജയിയെ കണ്ടു പിടിക്കുക ?

50 ശതമാനം വോട്ടുകള്‍ നേടുന്നയാളെയാണ് ഈ സംവിധാനപ്രകാരം വിജയിയായി തിരഞ്ഞെടുക്കുന്നത്.കിട്ടിയ NO 1 വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യം സ്ഥാനാര്‍ഥികളെ തരം തിരിക്കും.ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് 50 ശതമാനം NO 1 വോട്ടുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും 50 ശതമാനം NO 1 വോട്ടുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ,ഏറ്റവും കുറവ് NO 1 വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥിയെ ലിസ്റ്റില്‍ നിന്നൊഴിവാക്കും.എന്നിട്ട് അയാള്‍ക്ക്‌ വോട്ട് ചെയ്തവരുടെ NO 2 വോട്ടുകള്‍ ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് കൂട്ടും.ഇപ്രകാരം ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും 50 ശതമാനം വോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും.

ഇനിയും ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ NO 1 വോട്ടുകളുടെ കാര്യത്തില്‍ പുറകില്‍ നില്‍ക്കുന്ന അടുത്ത സ്ഥാനാര്‍ഥിയെ ലിസ്റ്റില്‍ നിന്നൊഴിവാക്കും.എന്നിട്ട് അയാള്‍ക്ക്‌ വോട്ട് ചെയ്തവരുടെ NO 2 വോട്ടുകള്‍ ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് കൂട്ടും.ഇപ്രകാരം ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും 50 ശതമാനം വോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് 50 ശതമാനം വോട്ടുകള്‍ ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും

AV വോട്ടിംഗ് ആരെയാണ് ദോഷകരമായി ബാധിക്കുക ?

ഇപ്പോള്‍ ചെറിയ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ഥികളെയാണ് AV വോട്ടിംഗ് ദോഷകരമായി ബാധിക്കുക.കണ്‍സര്‍വെറ്റിവ് പാര്‍ട്ടിയുടെ മിക്ക സീറ്റുകളും വളരെ കുറഞ്ഞ ഭൂരിപക്ഷം ഉള്ളവയാണ്.പുതിയ പരിഷ്ക്കാരം നടപ്പിലായാല്‍ അവരുടെ സീറ്റുകളില്‍ കുറവ് വരും എനതിനാലാണ് പാര്‍ട്ടി പ്രധാനമായും ഈ പരിഷ്ക്കാരത്തെ എതിര്‍ക്കുന്നത്. AV സിസ്റ്റം കൊടുത്താല്‍ സങ്കീര്‍ണമാനെന്നും പണച്ചിലവേരിയതുമാണെന്നാണ് ടോറികള്‍ ഇതിനെ എതിര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്. ബില്ല്യനുകള്‍ യുദ്ധത്തിനും മറ്റും ചിലവഴിക്കാന്‍ മടി കാണിക്കാത്ത ടോറികള്‍ വോട്ടിഗ് പരിഷ്ക്കാരം എതിര്‍ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അവരുടെ സീറ്റുകള്‍ കുറയുമെന്നത് കൊണ്ടു തന്നെയാണ്.

ഇക്കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 36 .1 ശതമാനം വോട്ടുകള്‍ മാത്രം ലഭിച്ച ടോറികള്‍ വിജയിച്ചത് 307 സീറ്റിലാണ് . ആകെയുള്ള 650 സീറ്റിന്‍റെ 36 .1 ശതമാനം കണക്കാക്കിയാല്‍ ടോറികള്‍ക്കു ലഭിക്കേണ്ടത് 235 സീറ്റുകള്‍ മാത്രമാണ്.അതേ സമയം 23 ശതമാനം വോട്ടുകള്‍ നേടിയ ലിബറല്‍ ഡെമോക്രാട്ടുകള്‍ക്ക് ലഭിച്ചത് വെറും 57 സീറ്റാണ്.ശതമാനക്കണക്ക് വച്ച് നോക്കുമ്പോള്‍ അവര്‍ക്ക് കിട്ടേണ്ടത്‌ 150 സീറ്റുകളാണ്.AV സിസ്റ്റത്തെ ടോറികള്‍ എതിര്‍ക്കുന്നതിന്റെയും ലിബറലുകള്‍ അനുകൂലിക്കുന്നതിന്റെയും കാരണം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്നു കരുതുന്നു

ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാല്‍ വോട്ടിംഗ് പരിഷ്ക്കാരത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.