1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011


ഇന്ത്യയിലെ  മുന്‍നിര എന്‍ജിനീയറിങ് – അടിസ്ഥാനസൗകര്യ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി)യെ ഒമ്പത് സ്വതന്ത്ര കമ്പനികളാക്കി വിഭജിക്കുന്നു. 37,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ നിലവിലെ ചെയര്‍മാന്‍ എ.എം.നായിക് വിരമിക്കാന്‍ 21 മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പുന:സംഘടന.

ഓരോ കമ്പനിക്കും സ്വന്തമായ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാവും. ഇതില്‍, കുറഞ്ഞത് മൂന്ന് പേര്‍ പുറത്തു നിന്നുള്ള സ്വതന്ത്ര ഡയറക്ടര്‍മാരായിരിക്കും. ഇവരില്‍ ചിലരെ കണ്ടെത്തിക്കഴിഞ്ഞു. ഓരോ കമ്പനിക്കും പ്രത്യേക സി.ഇ.ഒ, സി.എഫ്.ഒ, എച്ച്.ആര്‍ മേധാവി എന്നിവയൊക്കെയുണ്ടാവും. ഓരോന്നിനും പ്രത്യേകം പ്രത്യേകം ബാലന്‍സ് ഷീറ്റും ഉണ്ടാക്കും. 2015ന് മുമ്പായി ഇവയില്‍ ചില കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് നായിക് വെളിപ്പെടുത്തി.

പുന:സംഘടനയ്ക്ക് എല്‍ ആന്‍ഡ് ടിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. ഊര്‍ജം, ഹൈട്രോ കാര്‍ബണ്‍, മെഷീനറി ആന്‍ഡ് പ്രോഡക്ട്‌സ്, സ്വിച് ഗിയര്‍, ഹെവി എന്‍ജിനീയറിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ബില്‍ഡിങ് ആന്‍ഡ് ഫാക്ടറീസ്, മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ്, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളിലായായിരിക്കും ഒമ്പത് കമ്പനികള്‍. ഓരോ മേഖലയ്ക്കും അനന്തമായ വളര്‍ച്ചാ സാധ്യതയാണുള്ളത്.

പുന:സംഘടനയിലൂടെ തന്റെ പിന്‍ഗാമിയുടെ ജോലി എളുപ്പമാകുമെന്ന് നായിക് അഭിപ്രായപ്പെട്ടു. വൈദ്യുതി ഉത്പാദനം മുതല്‍ റോഡ് നിര്‍മാണം വരെയായി 64 ബിസിനസ്സുകളാണ് എല്‍ ആന്‍ഡ് ടിയ്ക്ക് കീഴിലുള്ളത്. ലോകത്തെ ഒരു കമ്പനിക്കും ഇത്ര സങ്കീര്‍മായ ബിസിനസ്സുകളുടെ കൂട്ടായ്മയുണ്ടാവില്ല. ഒരു ചെയര്‍മാനും ഇത്ര ബുദ്ധിമുട്ടേറിയ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 46 വര്‍ഷമായി താന്‍ എല്‍ ആന്‍ഡ് ടിയില്‍ പ്രവര്‍ത്തിക്കുന്നു. 60 ശതമാനം ബിസിനസ്സും താനാണ് തുടങ്ങിയത്. അതിനാലാണ് തനിക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്നതെന്ന് നായിക് പറഞ്ഞു.

2012 സപ്തംബറോടെ നായിക് എല്‍ ആന്‍ഡ് ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കും. 2007ല്‍ തന്നെ വിരമിക്കേണ്ടതായിരുന്നെങ്കിലും പിന്‍ഗാമിയെ കണ്ടെത്താനാവാത്തതിനാല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നു. പുതിയ നേതൃനിരയെ വളര്‍ത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.