1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2011

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് എന്നിവയുടെ ചെയര്‍മാന്‍ അനില്‍ അംബാനിയോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ 2011 ഡിസംബര്‍ വരെ ദ്വിതീയ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് സെബി വിലക്കി. റിലയന്‍സ് ഇന്‍ഫ്ര, ആര്‍എന്‍ആര്‍എല്‍ എന്നിവയ്ക്കുള്ള വിലക്ക് 2012 ഡിസംബര്‍ വരെയാണ്. ഈ രണ്ടു കമ്പനികള്‍ വിപണിയില്‍ നടത്തിയ അവിഹിത ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 50 കോടി രൂപ പിഴയും വിധിച്ചു.

മ്യൂച്വല്‍ഫണ്ട് നിക്ഷേപം, പ്രാഥമിക വിപണിയിലെ മുതല്‍മുടക്ക്, ഓഹരി തിരിച്ചുവാങ്ങല്‍, ഓപ്പണ്‍ ഓഫര്‍ എന്നിവയ്ക്ക് വിലക്ക് ബാധകമാവില്ല. റിലയന്‍സ് ഇന്‍ഫ്ര വൈസ് ചെയര്‍മാന്‍ സതീഷ് സേഠ്, ഡയറക്ടര്‍മാരായ എസ്.സി. ഗുപ്ത, ലളിത് ജുലാന്‍, ജെ.പി. പലസാനി എന്നിവര്‍ക്കും നിരോധനം ബാധകമാണ്. ഇതാദ്യമായാണ് സെബി ഇത്രയും തുക പിഴ വിധിക്കുന്നത്.

അനില്‍ അംബാനി ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഓഹരിയിടപാട് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടതാണ് കേസ്. വിദേശ നിക്ഷേപം സംബന്ധിച്ച നിബന്ധനകള്‍ ലംഘിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. രണ്ട് കമ്പനികളും പിഴയടയ്ക്കാനും മറ്റ് ഉപാധികള്‍ സ്വീകരിക്കാനും തയ്യാറായ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇതനുസരിച്ച് രണ്ടു കമ്പനികള്‍ക്കും ചെയര്‍മാന്‍ അനില്‍ അംബാനിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ലിസ്റ്റ് ചെയ്ത ഓഹരികളില്‍ ഇടപാട് നടത്താനാവില്ല.

സെബി ഉത്തരവുപ്രകാരം രണ്ടു കമ്പനികളും തുടര്‍ച്ചയായി ഒരേ ഓഡിറ്റര്‍മാരെ നിയമിക്കരുത്. 2010 മാര്‍ച്ചില്‍ കാലാവധി അവസാനിച്ച ഓഡിറ്ററെ വീണ്ടുമൊരു മൂന്നു മാസക്കാലത്തേക്ക് നിയമിക്കാനാവില്ല.

കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ ജൂണില്‍ സെബി അയച്ച ഷോകോസും തുടര്‍ നടപടികളും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സന്നദ്ധമായതായി കമ്പനി വക്താവ് അറിയിച്ചു. നിക്ഷേപക താത്പര്യം മാനിച്ചാണ് ഇതിന് തയ്യാറായതെന്നും നീണ്ടുപോവുന്ന അനാവശ്യ വ്യവഹാരങ്ങളില്‍ കമ്പനിക്ക് താത്പര്യമില്ലെന്നും വക്താവ് പറഞ്ഞു. പിഴയടച്ച കമ്പനി ഭാവി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള സാമ്പത്തിക സുസ്ഥിരത പ്രകടമാക്കുകയും ചെയ്തു.

കമ്പനിയുടെ വിഭവങ്ങള്‍ സ്വന്തം പദ്ധതികളിലെ നിക്ഷേപത്തിന് പരിമിതപ്പെടുത്താനായാണ് ദ്വിതീയ വിപണിയിലെ നിക്ഷേപത്തില്‍ നിന്ന് പിന്മാറാന്‍ സമ്മതിച്ചതെന്നും ഇത് കമ്പനിയുടെ ഭാവി വളര്‍ച്ചയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. സെബി വ്യവസ്ഥപ്രകാരം കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.