1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2011

ബാബു ഭരദ്വാജ്

അമേരിക്ക കയ്യിലെ കളിപ്പാട്ടം എറിഞ്ഞുടച്ചുകളഞ്ഞിരിക്കുന്നു. താല്‍പര്യം നഷ്ടപ്പെട്ടതുകൊണ്ടുമാത്രമല്ല ഇങ്ങനെ എറിഞ്ഞുടക്കുന്നത്,ആവശ്യം കഴിഞ്ഞതുകൊണ്ടാണ്. ഇനി പുതിയൊരു കളിപ്പാട്ടമാണ് അമേരിക്കയ്ക്ക് വേണ്ടത്. അതവര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിരിക്കും.

കളിച്ച കളിപ്പാട്ടങ്ങള്‍ ഷോക്കേസില്‍ സൂക്ഷിക്കുന്ന പതിവ് അമേരിക്കക്കില്ല. അതൊക്കെ എറിഞ്ഞുകളയലും പുതിയതൊന്ന് കണ്ടെടുക്കലുമാണ് അമേരിക്കന്‍ സ്‌റ്റൈല്‍. അമേരിക്കയുടെ ഈ കളിസ്‌റ്റൈലിനെ പ്രീതിപ്പെടുത്താനാണ് മറ്റുരാജ്യങ്ങളും ജനങ്ങളും സംസ്‌കാരങ്ങളും നിലകൊള്ളുന്നതെന്നാണ് അമേരിക്ക അഹങ്കരിക്കുന്നത്. ഈ അഹങ്കാരത്തെ പാടി പുകഴ്ത്താന്‍ മറ്റുരാജ്യങ്ങള്‍ തയ്യാറുമാണ്. പ്രഭുവിന്റെ വാശിക്കാരന്‍ ചെക്കന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവര്‍.

ഉസാമ ബിന്‍ ലാദന്റെ നാള്‍വഴികള്‍ തിരഞ്ഞുപോകുമ്പോള്‍ നാമെത്തിച്ചേരുന്നത് അതേ നാള്‍വഴികളുള്ള മറ്റൊരാളിലായിരിക്കുംസദ്ദാം ഹുസൈന്‍. അതേ നാള്‍ വഴികളുള്ള വേറൊരാളും ഉണ്ടായിരുന്നു.അയാള്‍ ഇന്ത്യയില്‍ ആയിരുന്നു. അമേരിക്കയുടെ കളിപ്പാട്ടശേഖരത്തിലെ സദ്ദാം ഹുസൈനെപ്പോലെയും ഉസാമയെപ്പോലെയും ഇന്ദിരെയുടെ കളിപ്പാട്ടമായിരുന്നു ഭിദ്രന്‍വാലയും.

മൂന്നുപേരെയും സൃഷ്ടിച്ചവര്‍തന്നെ കൊലക്കും കൊടുത്തു. ബിന്‍ ലാദനെയും സദ്ദാമിനേയും പാലൂട്ടി വളര്‍ത്തിയതും ആളും അര്‍ഥവും നല്‍കി വളര്‍ത്തിയതും അമേരിക്കയാണ്. രണ്ടുപേരും അമേരിക്കയുടെ കരാറുപണിക്കാരുമാണ്. ഈ കരാറുപണിയില്‍ നിന്ന് അവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. ഒടുക്കം അമേരിക്ക അവര്‍ക്ക് വീരചരമവും സമ്മാനിച്ചു. കച്ചവടക്കാരനായ അമേരിക്കക്ക് കച്ചവടത്തിലെ ലാഭമാണ് എന്നും പ്രധാനം. അതിനാല്‍ യുദ്ധവീരന്‍മാരായി വേഷം കെട്ടും. സമാധാന ദൂതരായി രംഗപ്രവേശനം ചെയ്യും(American peace core). ജനാധിപത്യവാദികളാവും, ഏകാധിപത്യത്തെ പിന്തുണക്കും. അവരെപ്പോലെ ഏകാധിപത്യത്തെയും ജനാധിപത്യത്തെയും പൂജിക്കുന്ന പാഷാണം വര്‍ക്കിമാരായിരിക്കും.

അതുകൊണ്ട് തന്നെ ആഗോള ഭീകരതയുടെ അന്ത്യം കുറിച്ചുവെന്ന അവകാശവാദത്തില്‍ ആവേശം കൊള്ളാന്‍ ഞങ്ങള്‍ക്കാവില്ല. അമേരിക്കന്‍ നാടകത്തിന്റെ ഒരങ്കം കഴിഞ്ഞതായേ കണക്കാക്കാനാവൂ. അമേരിക്കന്‍ കമ്പനികളുടെ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള ഒരു കൊമേഴ്‌സ്യല്‍ ബ്രേക്കാണിത്. ഇതിലൂടെ വിറ്റഴിക്കാന്‍ പോകുന്നത് ഉസാമയുടെ രണ്ടാം ഊഴമാണ്. വെള്ളക്കാരായ അമേരിക്കക്കാര്‍ ഒരുവട്ടം കൂടി ‘ഹൗസ് നിഗ്ഗര്‍’ എന്ന് അധിക്ഷേപിച്ചിരുന്ന ഒബാമയെ പ്രസിഡന്റായി തെരഞ്ഞെടുക്കും. ഹൗസ് നിഗ്ഗര്‍ എന്ന വാക്കിന്റെ ഏകദേശ മൊഴിമാറ്റം വീട്ടിലെ കാപ്പിരി എന്നാവും.

അമേരിക്കയുടെ ആഗോള ഭീകരതയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ വീക്ഷണവും അന്തര്‍ധാരകളും അറിയാത്തവരാണ് അമേരിക്കയെ ഭീകരവിരുദ്ധരെന്ന് ബ്രാന്റ് ചെയ്യുന്നത്. മുസ്ലീങ്ങളെ ഒന്നടങ്കം ഭീകരവാദികള്‍ എന്ന് ബ്രാന്റുചെയ്യുന്നതും ഈ ‘നിക്ഷ്പക്ഷമതികള്‍’ തന്നെയാണ്. ഇതിന്റെയൊക്കെ പിന്നില്‍ ഭൂമിയുടെ രക്തധമനികളില്‍ പതഞ്ഞൊഴുകുന്ന എണ്ണയുണ്ട്. അഫ്ഗാന്‍ പോപ്പി പാടങ്ങളിലെ മയക്കുമരുന്നിന്റെ ആലസ്യസുഗന്ധമുണ്ട്. ഊര്‍ജ്ജത്തിന്റെയും ഭോഗത്തിന്റെയും ആര്‍ത്തികളെയും ആസക്തികളെയും പ്രീതിപ്പെടുത്താന്‍ മുതലാളിത്തവും ആഗോളവല്‍ക്കരണവും നടത്തുന്ന കുത്സിത ശ്രമങ്ങളാണ് ഇതൊക്കെ. അതിന്റെ ഇന്ത്യന്‍ എഡിഷന്‍ ഉത്തരേന്ത്യന്‍ കാടുകളിലും ഗിരിനിരകളിലും കാണാം. ഖനികള്‍ വെട്ടിപ്പിടിക്കാന്‍ ഇറങ്ങിപുറപ്പെട്ടവരുടെ ജനാധിപത്യം.

ഈ ഈ കള്ളക്കളികളൊക്കെ കൃത്യമായി അറിയുന്നുവെന്നതിനാല്‍ ഉസാമ ബിന്‍ ലാദന്റെ കൊലപാതകത്തില്‍ ആവേശമോ ആഹ്ലാദമോ ദുഃഖമോ ആശങ്കകളോ തോന്നേണ്ടതില്ല. ഈ സംശയ പരമ്പരകളെ റിലീസാവാന്‍ പോവുന്ന ഒരു ഹോളീവുഡ് ചാരസിനിമയിലെ തിരക്കഥയായി മാത്രമേ കാണാന്‍ പറ്റുകയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.