1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

ഇത് ഒരു പതിമൂന്നുകാരിയുടെ അവിശ്വസനീയമായ കഥയാണ്. സറേയിലെ എപ്‌സമിലുള്ള ഒമ്പതാം ക്ലാസുകാരിയുടെ കഥ. എപ്‌സമിലെ മലയാളികള്‍ക്ക് ഇവള്‍ താരമാണ്. സ്വന്തം നാട്ടില്‍ നിന്നുള്ള അവരുടെ സ്വന്തം കവയത്രി എന്ന പെരുമ. ചെറുപ്രായത്തില്‍ ഇവള്‍ ലോകത്തിന്റെ എഴുത്തുകാരിയായി. കവിത കൊണ്ട് പുതിയ ലോകം തീര്‍ത്ത് വായനക്കാരെ കൂടെക്കൂട്ടീയിവള്‍ .

ഇപ്പോള്‍ അമേരിക്കയിലെ സ്ലിബ്രിസ് എന്ന പ്രസിദ്ധപ്രസാധകര്‍ ഇവളുടെ കവിതകള്‍ ലാസ്റ്റ് വിത്ത് വേഡ്‌സ് എന്ന പേരില്‍ പുസ്തകരൂപത്തിലാക്കിയിരിക്കുകയാണ്.ചങ്ങനാശേരി തൃക്കൊടിത്താനം പത്തരംചിറയില്‍ കുടുംബാംഗമായ റിന്‍സി ജോര്‍ജാണ് ഈ ചെറുപ്രായത്തില്‍ കവിതയുടെ വര്‍ണ്ണവസന്തം ലോകത്തിന് മുന്നില്‍ തീര്‍ക്കുന്നത്.

പത്താം വയസിലാണ് റിന്‍സിയിലെ എഴുത്തുകാരിയെ കുടുംബം തിരിച്ചറിയുന്നത്. ആശംസാകാര്‍ഡുകളിലും മറ്റും കവിതാവരികള്‍ കുറിച്ച് അയക്കുമായിരുന്നൂ റിന്‍സി. കാര്‍ഡുകള്‍ ലഭിച്ചിരുന്നവര്‍ പ്രസിദ്ധരായ ഏതെങ്കിലും ഇംഗ്ലീഷ് കവികളുടെ വരികളാണെന്ന് കരുതി ഇതാരുടെ വരികളാണെന്ന്് റിന്‍സിയുടെ കുടുംബത്തോട് ചോദിക്കും. എന്നാല്‍, പത്തു വയസുകാരിയായ റിന്‍സിയാണ് ഇത് എഴുതിയതെന്നറിഞ്ഞപ്പോള്‍ അദ്ഭുതമായി, റിന്‍സിയുടെ മാതാപിതാക്കളായ ജോര്‍ജും റോസമ്മയും മകളുടെ പാടവം മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമായിരുന്നു.

വായനയില്‍ മകള്‍ക്ക് കുഞ്ഞുനാള്‍ മുതല്‍ക്ക് തന്നെ താത്പര്യമുണ്ടായിരുന്നെങ്കിലും എഴുത്തിന്റെ മേഖലയില്‍ എത്തപ്പെടുമെന്ന വിചാരിച്ചതല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. റിന്‍സിയുടെ കവിതകളുടെ ആദ്യവായനക്കാര്‍ ഇവരാണ്. ഇവര്‍ റെഡി എന്ന് പറഞ്ഞാല്‍ റിന്‍സിയും റെഡി.

സൗദി അറേബ്യയില്‍ നഴ്‌സായിരുന്ന റോസമ്മ ഇപ്പോള്‍ എപ്‌സമിലെ സെന്റ് ഹെലിയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ സ്റ്റാഫ് നഴ്‌സാണ്. നാട്ടില്‍ റബര്‍ വ്യാപാരം നടത്തിയിരുന്ന ജോര്‍ജ് ടെസ്‌കോ ജീവനക്കാരനും. റിന്‍സിക്ക് ഏഴു വയസുള്ളപ്പോള്‍ 2004ലാണ് ഈ കുടുംബം യുകെയില്‍ എത്തിയത്.

എപ്‌സമിലെ റോസ്‌ബെറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റിന്‍സി. വായനയുടെയും എഴുത്തിന്റെയും ലോകത്താണ് വിഹാരമെങ്കിലും പഠനത്തിലും റിന്‍സി പിന്നിലല്ല. ഡാന്‍സിലും ചിത്രരചനയിലുമെല്ലാം റിന്‍സി തന്റെ വൈഭവം തെളിയിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ കവിതയെഴുതാന്‍ കഴിയുമെന്നതാണ് റിന്‍സിയുടെ പ്രത്യേകത. 2007 ജൂലൈ ഏഴിന് നടന്ന ഭീകരാക്രമണ വാര്‍ത്ത ടിവിയിലൂടെ കാണുകയായിരുന്നു റിന്‍സി. പെട്ടെന്ന് തന്നെ തന്റെ മുറിയിലേക്കു പോയി. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ മനോഹരമായ ഒരു കവിതയുമായി അവള്‍ തിരികെയെത്തി. ടെററിസ്റ്റ് എന്ന പേരുള്ള ആ കവിത മനുഷ്യന്‍ മനുഷ്യനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു.

www.xlibrispublishing.co.uk , www.amazon.com,www.barnesandnoble.com,www.waterstones.com തുടങ്ങിയ സൈറ്റുകളിലൂടെ ഓണ്‍ലൈനായും ഡബ്ല്യുഎച്ച് സ്മിത്തിലൂടെയും സ്ലിബ്രിസിന്റെ ലോകത്തെമ്പാടുമുള്ള വിതരണക്കാരിലൂടെയും റിന്‍സിയുടെ പുസ്തകം വാങ്ങാന്‍ ലഭിക്കും. 9.99 പൗണ്ടാണ് പുസ്തകത്തിന്റെ വില.

വായനയാണ് തന്റെ എഴുത്തിന്റെ പ്രധാന ശക്തിയെന്ന് റിന്‍സി പറയുന്നു. വായനയില്‍നിന്ന് ലഭിക്കുന്ന ആശയങ്ങളും ചുറ്റുപാടുകളില്‍ നിന്നുള്ള പ്രേരണകളുമാണ് പലപ്പോഴും റിന്‍സിയെ കവിതകളിലേക്ക് എത്തിക്കുന്നത്.

മറ്റുള്ളവരെ വേദനയറിയുകയും അവരുടെ വേദനകള്‍ ഇല്ലാതാക്കുകയാണ് തന്റെ ജീവിതത്തിന്റെയും കവിതകളുടെയും ലക്ഷ്യമെന്ന് ഈ പതിമൂന്നുകാരി ഉറപ്പിക്കുന്നു.റിറ്റി, റിയ എന്നിവര്‍ റിന്‍സിയുടെ അനിയത്തിമാരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.