1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2011

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ മൂംബൈ ഹൈക്കോടതി ശരിവച്ചു. പ്രത്യേക കോടതി വിധിയ്‌ക്കെതിരെ പാകിസ്ഥാന്‍ പൗരനായ കസബ് നല്‍കിയ അപ്പീലിലാണ് വിധി.

മുംബൈ ഭീകരാക്രമണക്കേസില്‍ കസബിന് പ്രത്യേക കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ കസബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജസ്റ്റിസ് രഞ്ജന ദേശായി, ജസ്റ്റിസ് ആര്‍ വി മോര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങളാണ് കസബിനുമേല്‍ ചുമത്തിയത്. മുംബൈയിലെ ആര്‍തര്‍ റോഡിലെ ജയിലിലുള്ള കസബ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വിധിയറിഞ്ഞത്.

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 238ഓളം പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കസബിനു സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചാല്‍ രാഷ്ട്രപതിക്കു ദയാഹരജി സമര്‍പ്പിക്കാം.

അഹമ്മദിനെയും അന്‍സാരിയെയും വെറുതെവിട്ടു

കസബിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന സബാവുദ്ദീന്‍ അഹമ്മദ്, ഫാഹിം അന്‍സാരി എന്നിവരെ വിട്ടയച്ച പ്രത്യേക കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ഇരുവരും കുറ്റക്കാരല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.

പ്രത്യേക കോടതി ഇവരെ വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ മുംബൈ ഹൈക്കടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ലഷ്‌കര്‍ ഭീകരര്‍ക്ക് ആക്രമണ പദ്ധതി ആസൂത്രണം ചെയ്യാനായി നഗരങ്ങളുടേയും പ്രധാനസ്ഥലങ്ങളുടേയും മാപ്പുകളും രൂപരേഖകളും എത്തിച്ചു എന്ന ആരോപണമാണ് ഇവരുടെ പേരിലുണ്ടായിരുന്നത്. എന്നാല്‍ കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.