1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011


സബര്‍മതി നദിയുടെ തീരത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ജീവന്മരണ പോരാട്ടം.ഇനി പിഴവുകള്‍ക്ക് പ്രായശ്ചിത്തമില്ല. ഓസ്‌ട്രേലിയയെ അതിജീവിച്ച് മൊട്ടേര കടന്നാല്‍ ഇന്ത്യ, ലോകം കാത്തിരിക്കുന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ പാകിസ്താനെ നേരിടാന്‍ മൊഹാലിയിലേക്ക്. ചുവട് തെറ്റിയാല്‍ താരങ്ങള്‍ ഐ.പി.എല്‍. പരിശീലനമൈതാനങ്ങളിലേക്ക്.

ലോകകപ്പ്‌ ക്രിക്കറ്റിലെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടുന്നു. ലോകത്തെ ആദ്യരണ്ട് റാങ്കിലുള്ള ടീമുകളാണെങ്കിലും ഇന്ത്യയും ഓസ്‌ട്രേലിയയും പൂര്‍ണസജ്ജരായല്ല കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോടേറ്റ തോല്‍വിയും റിക്കി പോണ്ടിങ്ങിന്റെ നായകസ്ഥാനം തെറിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഓസീസിനെ വിവശരാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമാവട്ടെ ഈ ലോകകപ്പില്‍ ഇതുവരെ ഒത്തിണക്കത്തോടെ കളിച്ചിട്ടില്ല. പ്രതീക്ഷക്കൊത്തുയരാതെ പോയ ബൗളിങ്ങും ഫീല്‍ഡിങ്ങും, നോക്കിനില്‍ക്കെ തകര്‍ന്നുപോകുന്ന ബാറ്റിങ്‌നിരയും ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു.

സമകാലീന ക്രിക്കറ്റിലെ ചിരവൈരികളായി എണ്ണപ്പെടുന്ന ഇന്ത്യയും ഓസീസും ക്വാര്‍ട്ടറില്‍ മുഖാമുഖാമെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് സുനിശ്ചിതം. ജയം അല്ലെങ്കില്‍ മരണം ധോണിയ്ക്കും പോണ്ടിങിനും അതറിയാം. ഓസീസ് തോറ്റാല്‍ പോണ്ടിങിന്റെ മത്സരമായി ഒരുപക്ഷേ ഇത് മാറിയേക്കാം. മറിച്ചാണെങ്കില്‍ ധോണിയുടെ ചോരയ്ക്കായി മുറവിളി ഉയരും. ഇരുടീമുകളുടെയും ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന മൊട്ടേറയിലുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം.

പഴയ കണക്കുകള്‍ ചികഞ്ഞെടുത്താല്‍ ഓസ്‌ട്രേലിയ ബഹുദൂരം മുന്നിലാണ്. ഇരുടീമുകളും മൊത്തം 104 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയതില്‍ ഓസ്‌ട്രേലിയ 61 -ഉം ജയിച്ചു. ഇന്ത്യക്ക് ജയിക്കാനായത് 35-ല്‍ മാത്രം.ലോകകപ്പില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയതില്‍ ഏഴുതവണയും ഓസ്‌ട്രേലിയ ജയിച്ചു.24 വര്‍ഷമായി ഇന്ത്യ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ജയിച്ചിട്ടില്ല. 2003 ഫൈനലില്‍ ഇന്ത്യ കംഗാരുക്കളില്‍ നിന്ന് 125 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി. അതിന് ശേഷം നടന്ന 35 ഏകദിനങ്ങളില്‍ 20-ഉം ഓസ്‌ട്രേലിയ ജയിച്ചു. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തിയെഴുതാന്‍ ധോണിയ്ക്കും സംഘത്തിനും കഴിയുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.